തിരുവനന്തപുരം: ഒരുകാലത്ത് സിനിമയില്‍ നായകന്‍. മരണമെത്തിയ നേരത്ത് അനാഥ മൃതദേഹമായി മോര്‍ച്ചറിയില്‍. 1967-ല്‍ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന സിനിമയിലെ നായകന്‍ രാജ് മോഹന്റെ (88) മൃതദേഹമാണ് ഏറ്റുവാങ്ങാന്‍ ആളില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഒ.ചന്തുമേനോന്റെ നോവലിനെ ആധാരമാക്കി കലാനിലയം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ‘ഇന്ദുലേഖ’ യില്‍ ‘മാധവന്‍’ എന്ന നായക കഥാപാത്രത്തെയാണ് രാജ്മോഹന്‍ അവതരിപ്പിച്ചത്.

കലാനിലയം കൃഷ്ണന്‍ നായരുടെ മകളുടെ ഭര്‍ത്താവായിരുന്നു രാജ്‌മോഹന്‍. കൃഷ്ണന്‍ നായര്‍ തന്റെ ആദ്യ സിനിമയിലെ നായകനു വേണ്ടി പത്രത്തില്‍ പരസ്യം നല്‍കിയെങ്കിലും പറ്റിയ ആളെ കണ്ടെത്താനായില്ല. ഒടുവില്‍ രാജ്മോഹനെ നായകനാക്കി ചിത്രം നിര്‍മിച്ചു. പിന്നീട് കൃഷ്ണന്‍നായരുമായി അഭിപ്രായവ്യത്യാസമുണ്ടായി. രാജ്മോഹന്‍ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. മക്കളില്ലായിരുന്നു.

‘ഇന്ദുലേഖ’യ്ക്കു പിന്നാലെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. എംഎയും നിയമബിരുദവും ഉണ്ടായിരുന്ന രാജ്‌മോഹന്‍ കുട്ടികള്‍ക്കു ട്യൂഷനെടുത്താണു ജീവിതം നീക്കിയത്. ചാക്കയില്‍ ആസ്ബസ്റ്റോസ് ഷീറ്റും സാരികളും കൊണ്ടു മറച്ച ഒരു ഷെഡിലായിരുന്നു താമസം. പിന്നീട് പുലയനാര്‍കോട്ട സര്‍ക്കാര്‍ അനാഥാലയത്തിലേക്കു മാറി.