ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും അമിതോത്സാഹത്തിന് കിട്ടിയ തിരിച്ചടികളിൽ ഒടുവിലത്തേതാണ് കെ.എസ്.ശബരീനാഥനു ലഭിച്ച ജാമ്യം. ആഭ്യന്തര വകുപ്പിന്റെ മാറുന്ന പ്രവർത്തനശൈലി ഗുണത്തെക്കാൾ ദോഷമെന്നു ചിന്തിക്കുന്ന ഒരു വിഭാഗം സിപിഎം നേതൃത്വത്തിലുണ്ട്. അവരുടെ സന്ദേഹം ഉറപ്പിക്കുന്നതാണ് ശബരീനാഥന്റെ അറസ്റ്റ് അധ്യായം. 

ഈ തിരിച്ചടികൾക്കെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് പ്രതിപക്ഷം വിരൽ ചൂണ്ടിയത്. അവിടത്തെ പുതിയ അമിതാധികാര ശക്തികൾ എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ തന്നെ. പുത്തലത്ത് ദിനേശനു പകരം ശശി ആ പദവി ഏറ്റെടുത്തതോടെയാണ് പക മണക്കുന്ന രണ്ടും കൽപിച്ചുള്ള നീക്കങ്ങൾ പൊലീസ് ആരംഭിച്ചതും. 

സ്വപ്ന സുരേഷിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതികളിൽ ഒരാളുമായ സരിത്തിനെ തിരക്കിട്ട് വിജിലൻസ് കസ്റ്റഡിയിൽ എടുത്തതു മുതലാണ് വകുപ്പിന്റെ പ്രവർത്തനത്തിലെ മാറ്റം പുറത്തു പ്രകടമായത്. വിജിലൻസിന്റെ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയെ വിവരക്കേടായാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശേഷിപ്പിച്ചത്. 

പി.സി.ജോർജിന്റെ രണ്ട് അറസ്റ്റുകൾ ഇതിനു ശേഷം വാർത്തകളിൽ ഇടംപിടിച്ചു. വിവാദ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ ജോർജിനെ അതുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം സരിത നായരുടെ പരാതിയുടെ പേരിൽ പൊലീസ് കുടുക്കാൻ ശ്രമിച്ചു. രാത്രി തന്നെ ജാമ്യവുമായി ജോർജ് തലസ്ഥാനം വിട്ടു. 

ശബരീനാഥന്റെ കാര്യത്തിലും സമാനമായ രീതിയിലാണു കാര്യങ്ങളുണ്ടായത്. മുൻകൂർ ജാമ്യാപേക്ഷയെ മറികടക്കാനുളള അടവ് പൊലീസ് ഉപയോഗിച്ചെന്ന ആരോപണം ശക്തം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. എന്നിട്ടും ശബരിക്കു ജാമ്യം നിഷേധിക്കാൻ സാധ്യമായ എല്ലാ ശ്രമവും പൊലീസ് നടത്തിയത് കോടതി തളളി. 

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന് യാത്രാ വിലക്കു പ്രഖ്യാപിച്ച ഇൻഡിഗോ കമ്പനിക്കെതിരെ സർക്കാരിന്റെ പ്രതികാര ശൈലി പ്രകടമായതും ഇന്നലെ തന്നെ. നികുതി അടച്ചില്ലെന്ന പേരിൽ അവരുടെ ബസ് കോഴിക്കോട്ട് പിടിച്ചെടുത്തത് യാദൃച്ഛികമായി ആരും കരുതുന്നില്ല.