മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് പോയതില്‍ യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസ് നേതൃത്വത്തിനും കടുത്ത അതൃപ്തി. ചാറ്റുകള്‍ പുറത്തായതിന് പിന്നാലെ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നിലച്ചിരിക്കുകയാണ്. അഡ്മിന് മാത്രം സന്ദേശങ്ങള്‍ അയയ്ക്കാവുന്ന തരത്തിലാണ് നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഗ്രൂപ്പ്.

അതേസമയം വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തായത് എങ്ങനെയെന്ന് അറിയാനായി യൂത്ത് കോണ്‍ഗ്രസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളാണ് പുറത്ത് വന്നത്.

പ്രതിഷേധത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്ന ഷാഫി പറമ്പിലിന്റെ വാദം പൊളിക്കുന്ന തരത്തിലാണ് ഈ ചാറ്റുകള്‍. നേതൃത്വ തലത്തിലെ ഗ്രൂപ്പ് പോരാണ് ചാറ്റ് ചോരാന്‍ കാരണമെന്നാണ് വിവരം. നിലവില്‍ ഗ്രൂപ്പിലെ ചര്‍ച്ചകള്‍ നിയന്ത്രിച്ചിരിക്കുകയാണ്. അഡ്മിന്‍മാര്‍ എന്ന നിലയില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിനും ജനറല്‍ സെക്രട്ടറി ജോബിന്‍ ജോസഫിനും മാത്രമേ ഇപ്പോള്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കൂ.