നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് ഈ മാസം 22നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസില്‍ ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. തെളിവു നശിപ്പിച്ചതിനും മറച്ചുവച്ചതിനുമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

തുടരന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ വിചാരണ പുനരാരംഭിക്കുമെന്ന് വിചാരണക്കോടതി വ്യക്തമാക്കി. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്‍രെ ഹാഷ് വാല്യു മൂന്ന തവണ മാറിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിന് മൂന്നാഴ്ച സമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് നിഷേധിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാണെന്ന് അന്വേഷണ സംഘം അറിയിച്ചത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തുടരന്വേഷണം ആരംഭിച്ചത്.