ലഖ്നൗവിലെ മാളില്‍ ജോലി ചെയ്യുന്നവരില്‍ 80 ശതമാനം പേരും ഒരു സമുദായത്തില്‍ നിന്നുള്ളവരാണെന്ന ആരോപണം ശരിയല്ലന്ന് ലുലു മാള്‍ അധികൃതര്‍. ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ പ്രൈവറ്റ് ലിമിറ്റഡ് റീജിയണല്‍ ഡയറക്ടര്‍ ജയ്കുമാര്‍ ഗംഗാധര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇത് പറഞ്ഞത്്.

‘ഉപഭോക്താവാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുത്. സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കനുസരിച്ചാണ് ഞങ്ങളുടെ സ്ഥാപനം വ്യാപാരം നടത്തുന്നത്. ഞങ്ങള്‍ക്ക് ആവശ്യമുള്ള ജോലിക്കാരെ അവരുടെ ജാതിയോ വംശമോ മതമോ നോക്കിയല്ല, കഴിവ് നോക്കിയാണ് തെരഞ്ഞെടുക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇവിടെയുള്ള ജോലിക്കാര്‍ പ്രാദേശികമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. അതില്‍ 80 ശതമാനത്തിലധികം ഹിന്ദുക്കളും ബാക്കിയുള്ളവര്‍ മുസ്ലിംകളും ക്രിസ്ത്യാനികളും മറ്റ് വിഭാഗങ്ങളില്‍ നിന്നുമുള്ളവരുമാണ്. ചില ആരോപണങ്ങള്‍ ഉന്നയിച്ച് ഞങ്ങളുടെ സ്ഥാപനത്തെ ആക്രമിക്കാന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ ലക്ഷ്യമിടുന്നുവെന്നും ജയ്കുമാര്‍ ഗംഗാധര്‍ പറഞ്ഞു.

ജൂലൈ 10നാണ് മാള്‍ ഉദ്ഘാടനം ചെയ്തത്. അതിന് പിന്നാലെ മാളിനുള്ളില്‍ ഒരു കൂട്ടം ആളുകള്‍ നമസ്‌കാരം നടത്തുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാളിന് സമീപം ഹനുമാന്‍ ചാലിസ പാരായണം ചെയ്യാന്‍ വലതുപക്ഷ സംഘടനകള്‍ പ്രാദേശിക അധികാരികളില്‍ നിന്ന് അനുമതി തേടിയിരുന്നുവെങ്കിലും അവരുടെ അഭ്യര്‍ത്ഥന നിരസിക്കപ്പെടുകയായിരുന്നു.