പ്രമുഖ സംവിധായിക കുഞ്ഞില മസിലാമണിക്കെതിരെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന്റെ പേരില്‍ കേസെടുത്തു. ഒറ്റപ്പാലം പൊലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലില്‍ തന്റെ സിനിമ ഉള്‍പ്പടുത്താതിരുന്നതിന്റെ പേരില്‍ അവര്‍ വേദിയില്‍ കയറി പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

താന്‍ പിണറായി വിജയനും സര്‍ക്കാരിനും എതിരെ പ്രതിഷേധിച്ചത് കൊണ്ടാണ് തനിക്കെതിരെ പൊലീസ് നടപടി ഉണ്ടാകുന്നതെന്ന് കുഞ്ഞില ഇതിനെക്കുറിച്ച് പ്രതികരിച്ചു. തന്റെ ചിത്രം എന്ത് കൊണ്ട് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുന്നില്ലന്നും സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്താണ് മാനദണ്ഡമെന്നും ഇവര്‍ ചോദിച്ചു. കെ കെ രമയെ പരസ്യമായി പിന്തുണച്ചത് കൊണ്ടാണ് തനിക്കെതിരെ സര്‍ക്കാര്‍ പ്രതികാരപൂര്‍വ്വം പെരുമാറുന്നതെന്നും ഇവര്‍ ആരോപിച്ചു.
കഴിഞ്ഞ കുറെനാളുകളായി കുഞ്ഞില ഫേസ് ബൂക്കിലൂടെ പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് തന്റെ ചിത്രം കോഴിക്കോട് മേളയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. അപ്പോഴാണ് ശിവനെ അപമാനിച്ചുവെന്ന് പറഞ്ഞ് നാളുകള്‍ക്ക് മുമ്പ് ഇവര്‍ ഇട്ട പോസ്റ്റിന്റെ പേരില്‍ പരാതി വരികയും, കുഞ്ഞിലക്കെതിരെ കേസെടുക്കുകയും ചെയ്തത്.