നടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും ആഷിഖും റിമയും വന്നില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്. യോഗത്തിലേക്ക് വിളിച്ചിട്ടും എന്തോ കാരണം പറഞ്ഞ് ഇരുവരും ഒഴിഞ്ഞെന്നും രഞ്ജിത് മീഡിയവൺ എഡിറ്റോറിയലിൽ പറഞ്ഞു.പ്രതിഷേധയോഗം നടത്താൻ മമ്മൂട്ടിയോടും ഇന്നസെന്റിനോടും പറഞ്ഞത് താനാണെന്നും, താനും രഞ്ജി പണിക്കരും ചേർന്ന് ഓരോരുത്തരെയും ക്ഷണിച്ചെന്നും രഞ്ജിത് പറഞ്ഞു .

“ഈ സംഭവം നടന്നപ്പോൾ ഞാൻ അമ്മയുടെ നേതാക്കളായ മമ്മൂട്ടിയോടും ഇന്നസെൻറിനോടും പബ്ലിക്കിൻറെ മുന്നിലേക്ക് ഇറങ്ങി നിന്ന് പിന്തുണ പ്രഖ്യാപിക്കണമെന്ന് പറഞ്ഞു. ഇവരെന്നോട് ചോദിച്ചത് പ്രസ് റിലീസ് കൊടുത്താൽ പോരേ എന്നാണ്. പ്രസ് റിലീസൊക്കെ കീറി എറിഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു. ദർബാർ ഹാൾ ഗ്രൗണ്ടിലേക്ക് ഞാനും രഞ്ജി പണിക്കരും ചേർന്ന് വിളിച്ചുവരുത്തിയതാണ് എല്ലാവരേയും.

അതിനകത്ത് മറ്റൊരു നടിയായ പെൺകുട്ടി പറഞ്ഞത്, ഇതിൽ ഗൂഢാലോചനയുണ്ടെന്നാണ്. അന്ന് ഞാൻ ആദ്യം വിളിച്ചവരുടെ കൂട്ടത്തിൽപ്പെട്ടവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു. പക്ഷേ അവരെന്തോ ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിൽ കൂടുതൽ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാനൊന്നും തനിക്ക് വയ്യെന്നും രഞ്ജിത്ത് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റാരോപിതൻ മാത്രമാണെന്നും,കുറ്റവാളിയെന്ന് കോടതി വിധിച്ചാൽ മനസ്സിൽ നിന്ന് വേദനയോടെ ദിലീപിനെ വെട്ടുമെന്നും,ഇപ്പോൾ അത് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിയോക് വേദിയിൽ ദിലീപിനെ കണ്ടത് അപ്രതീക്ഷിതമായാണ്. സംഘടനാ ചെയർമാൻ ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിലും ഫിയോക്കിന്റെ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കുമായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.