ഭാവിയെ കുറിച്ചറിയാന്‍ മിക്കവര്‍ക്കും ആഗ്രഹം കാണും. അതാണ് പ്രവചനക്കാരെ നിലനിര്‍ത്തുന്നത് തന്നെ. അത്തരത്തിലുള്ള പ്രവചനങ്ങള്‍ നടത്തി ലോകശ്രദ്ധ നേടിയ ഒരു ബള്‍ഗേറിയന്‍ സ്ത്രീയുടെ കഥയാണ് ഇനി പറയുന്നത്. അവരുടെ പേര് ബാബ വംഗ. സ്വന്തം കണ്ണുകൊണ്ട് ഒന്നും കാണാന്‍ കഴിയില്ലെങ്കിലും വരും കാലത്തെ മനക്കണ്ണിലൂടെ കാണാന്‍ ശേഷിയുണ്ട് തനിക്കെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ജീവിച്ചിരിക്കുന്ന കാലത്ത് അവര്‍ നടത്തിയ പല പ്രവചനങ്ങളും തെറ്റിപ്പോയിട്ടുണ്ട്. എന്നാല്‍, ചിലതൊക്കെ ശരിയായും വന്നു. അവരെ അനുകൂലിക്കുന്നവര്‍ കാണുന്നത്, ശരിയായ പ്രവചനങ്ങള്‍ മാത്രമാണ്. അവരെ വിമര്‍ശിക്കുന്നവര്‍ കാണുന്നത് നടക്കാതെ പോയ പ്രവചനങ്ങളും. 

എങ്കിലും, പ്രവചനങ്ങള്‍ നടത്തി വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുകയും ബള്‍ഗേറിയന്‍ സര്‍ക്കാറിന്റെ പ്രത്യേക പദവി നേടിയെടുക്കുകയും ചെയ്ത അവര്‍ 1996-ല്‍ മരിക്കുന്നതിനു മുമ്പ് വരുംകാലത്തെ കുുറിച്ച് നടത്തിയ ചില പ്രവചനങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 2022-ല്‍ നടക്കുമെന്ന് പണ്ട് അവര്‍ പ്രവചിച്ച ചില കാര്യങ്ങള്‍ ഇപ്പോള്‍ ശരിയായതാണ് മരണാനന്തരം അവരെ വാര്‍ത്തകളില്‍ നിലനിര്‍ത്തുന്നത്. 

2022-ല്‍, നിരവധി ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും വെള്ളപ്പൊക്കമുണ്ടാവുമെന്നും, അവിടെ പല പ്രദേശങ്ങളും വെള്ളത്തിന് അടിയിലാകുമെന്നും അവര്‍ പ്രവചിച്ചിരുന്നു. ഈ വര്‍ഷം ആദ്യം കനത്ത മഴയും വെള്ളപ്പൊക്കവും ഓസ്ട്രേലിയയില്‍ നാശം വിതച്ചിരുന്നു. കൂടാതെ, ബംഗ്ലാദേശിലും, ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും, തായ്ലന്‍ഡിലും വെള്ളപ്പൊക്കം ഉണ്ടായതും നമ്മള്‍ കണ്ടതാണ്. ഈ സംഭവങ്ങള്‍, വര്‍ഷങ്ങള്‍ക്കു മുമ്പേ ബാബ വംഗ പ്രവചിച്ച അതേരീതിയിലാണ് നടന്നത് എന്നാണ് അവരെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന്, വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന പ്രകൃതി പ്രതിഭാസങ്ങളെയാണ് ബാബാ വംഗ പ്രവചിച്ചതെന്നും ഇതല്ലാത അവര്‍ നടത്തിയ പല പ്രവചനങ്ങളും തെറ്റിപ്പോയിട്ടുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

വരള്‍ച്ചയുടെ ഫലമായി പല വലിയ നഗരങ്ങളിലും ജലക്ഷാമം ഉണ്ടാകുമെന്നും മരണത്തിനു മുമ്പ് അവര്‍ പ്രവചിച്ചിരുന്നു. പോര്‍ച്ചുഗലും ഇറ്റലിയും ഇപ്പോള്‍ ജലക്ഷാമം നേരിടുകയാണ്. തങ്ങളുടെ പൗരന്മാരോട് വെള്ളത്തിന്റെ ഉപഭോഗം നിയന്ത്രിക്കാന്‍ അവര്‍  ആവശ്യപ്പെട്ടിട്ടുണ്ട്. 1950-കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ചയിലൂടെയാണ് ഇറ്റലി കടന്നുപോകുന്നതെന്നാണ് പറയുന്നത്. അങ്ങനെ നോക്കിയാല്‍ ഈ പ്രവചനവും ശരിയായിട്ടുണ്ടെന്നാണ് അവരെ അനുകൂലിക്കുന്നവരുടെ വാദം. 

തീര്‍ന്നില്ല ഈ വര്‍ഷത്തെ അവരുടെ പ്രവചനങ്ങള്‍. സൈബീരിയയില്‍നിന്ന് ഒരു പുതിയ മാരക വൈറസ് ഉണ്ടാകുമെന്നും, അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ വരുമെന്നും, വെര്‍ച്വല്‍ റിയാലിറ്റിയുടെ ഉപയോഗം വര്‍ധിക്കുമെന്നുമൊക്കെ അവര്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ താപനില കുറയുന്നത് മൂലം ക്ഷാമം ഉണ്ടാകുമെന്നും, വെട്ടുകിളി ആക്രമണം ഉണ്ടാകുമെന്നും കൂടി അവര്‍ പ്രവചിച്ചിരുന്നു.  ഇതെല്ലാം നടക്കുമോ എന്ന് കാത്തിരുന്ന് കാണണം. ഈ വര്‍ഷം മാത്രമല്ല, 2023-ല്‍ ഭൂമിയുടെ ഭ്രമണപഥം മാറുന്നതും 2028-ല്‍ ബഹിരാകാശ സഞ്ചാരികള്‍ ശുക്രനിലേക്ക് യാത്ര ചെയ്യുമെന്നും ഒക്കെ അവര്‍ ചുമ്മാ അങ്ങ് പ്രവചിച്ചിട്ടുണ്ട്.  

വീസര്‍ ഫീല്‍ഡ് ഗൈഡ് ഓഫ് ദ് പാരാ നോര്‍മല്‍ എന്ന പ്രസിദ്ധീകരണമാണ് സോവിയറ്റ് യൂനിയന്‍ ഇല്ലാതാവുമെന്ന് അവര്‍ നേരത്തെ പ്രവചിച്ചിരുന്നതായി അവകാശപ്പെടുന്നത്. ഇതു മാത്രമല്ല, ചെര്‍ണോബില്‍ ദുരന്തം, സ്റ്റാലിന്റെ മരണ തീയതി, റഷ്യന്‍ മുങ്ങിക്കപ്പലായ കുര്‍സ്‌കിന്റെ മുങ്ങിപ്പോവല്‍, സെപ്തംബര്‍ 11 ആക്രമണം എന്നിവയും കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷവും ഇവര്‍ പ്രവചിച്ചതായാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ആധികാരികമായ ഒരു രേഖയും ഈ പ്രസിദ്ധീകരണം മുന്നോട്ടുവെച്ചിട്ടില്ല. മാത്രമല്ല, റഷ്യന്‍ മുങ്ങിക്കപ്പലായ കുര്‍സ്‌കിന്റെ മുങ്ങിപ്പോവലിനെക്കുറിച്ച് ഇവര്‍ ഒന്നും പ്രവചിച്ചിട്ടില്ല എന്നാണ് ഇവരുമായി ബന്ധപ്പെട്ടവര്‍ പിന്നീട് വ്യക്തമാക്കിയത്. ഇന്റര്‍നെറ്റിന്റെ ആഗമനത്തെക്കുറിച്ച് ഇവര്‍ പ്രവചിച്ചുവെന്ന വാദവും നുണയാണെന്ന് അവരുടെ ഉറ്റവര്‍ പിന്നീട് പറയുകയുണ്ടായി. ഇപ്പോള്‍ അവരുടെ പേരില്‍ ആരോപിക്കപ്പെടുന്ന പല പ്രവചനങ്ങളും അവര്‍ ഒരിക്കലും നടത്താത്തതാണെന്നും പറയപ്പെടുന്നു. മരണാനന്തരം ഓരോരുത്തരും അവര്‍ക്ക് തോന്നുന്ന വിധത്തില്‍ ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം അവരുടെ പേരില്‍ പടച്ചുവിടുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

1994-ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ എത്തുന്ന രണ്ട് ടീമുകളെ വംഗ പ്രവചിച്ചതും ചീറ്റിപ്പോയിരുന്നു. ബി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന രാജ്യങ്ങളായിരിക്കും ഫൈനലില്‍ എത്തുക എന്നതായിരുന്നു അന്നവരുടെ പ്രവചനം. ബള്‍ഗേറിയയും ബ്രസീലും ഫൈനലില്‍ വരുമെന്നായിരുന്നു അന്ന് അതു വെച്ച് ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നത്.  ബ്രസീല്‍ ഫൈനലിലെത്തി. ബള്‍ഗേറിയയാവട്ടെ സെമിയിലേ പുറത്തായി. അതുപോലെ, 2010 നവംബര്‍ മുതല്‍ 2014 ഒക്ടോബര്‍ വരെ മൂന്നാം ലോക മഹായുദ്ധം നടക്കുമെന്നായിരുന്നു വംഗയുടെ മറ്റൊരു പ്രവചനം. ഇതും എട്ടുനിലയില്‍ പൊട്ടിപ്പോയി. 

എന്നാല്‍, സ്വന്തം മരണത്തീയതി ഇവര്‍ മുന്‍കൂട്ടി പ്രവചിച്ചു എന്നാണ് ഇവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഓഗസ്ത് 11-ന് താന്‍ മരിക്കുമെന്നായിരുന്നു 10 വര്‍ഷം മുമ്പ് ഇവര്‍ പ്രവചിച്ചതത്രെ. 84-ാം വയസ്സില്‍ 1996 ഓഗസ്ത് 11-നായിരുന്നു ഇവരുടെ മരണം. എന്നാല്‍, ഈ പ്രവചനത്തിനും തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ല എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 

അതുപോലെ മനുഷ്യരുടെ ആയുസ്സ് കൂട്ടാനുള്ള ഗവേഷണത്തിലാണല്ലോ ശാസ്ത്രജ്ഞര്‍ ഇന്ന്. 2046-ല്‍ അവയവം മാറ്റിവയ്ക്കല്‍ സാങ്കേതികവിദ്യയിലൂടെ ആളുകള്‍ 100 വര്‍ഷത്തിലധികം ജീവിക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. 2100 മുതല്‍, രാത്രി അപ്രത്യക്ഷമാകുമെന്നും കൃത്രിമ സൂര്യപ്രകാശം ഭൂമിയുടെ മറ്റൊരു ഭാഗത്തെ പ്രകാശിപ്പിക്കുമെന്നും അവര്‍ പ്രവചിച്ചു. 

12 -ാം വയസ്സില്‍ ഒരു വലിയ കൊടുങ്കാറ്റില്‍ പെട്ടാണ് അവര്‍ക്ക് തന്റെ കാഴ്ച നഷ്ടമായതെന്ന് അവര്‍ അവകാശപ്പെട്ടത്. അതിന് ശേഷമാണ് ഭാവിയിലെ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സിദ്ധി തനിക്ക് ലഭിച്ചതെന്നാണ് പിന്നീട് ഇവര്‍ പറഞ്ഞുകൊണ്ടിരുന്നത്.