ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്ത് വന്ന മോഹന്‍ലാല്‍ ചിത്രമാണ് നരസിംഹം. മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രീതിയുള്ള ചിത്രങ്ങളിലൊന്നായ നരസിംഹത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലും എത്തിയിരുന്നു.

നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീലായി എത്തിയ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് നായകനും മേലെ മികച്ചു നില്‍ക്കുന്നതായിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും മികച്ച ഗസ്റ്റ് റോളായിരുന്നു നരസിംഹത്തിലെ നന്ദഗോപാല്‍ മാരാര്‍.

ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ വക്കീലായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നന്ദഗോപാല്‍ മാരാര്‍. ഇത്രയും മികച്ച വക്കീല്‍ സുഹൃത്തായിട്ടുണ്ടായിരുന്നിട്ടും ഇന്ദുചൂഡന്‍ എന്തുകൊണ്ടാണ് ആറ് വര്‍ഷം ജയിലില്‍ കിടന്നതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ സജീവമായ കാലത്ത്, ട്രോളുകള്‍ വന്നിരുന്നു. ഈ ചോദ്യത്തിന് മറുപടി പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ്.

ജയിലില്‍ കിടക്കുമ്പോള്‍ ഇന്ദുചൂഡന്‍ ആരെയും സ്വാധീനിക്കാന്‍ പോയിട്ടില്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടക്കുന്നത്. അച്ഛന്‍ കംപ്ലീറ്റ് ലോക്ക്ഡായി. അച്ഛന് പ്രശ്‌നമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ ജയിലില്‍ കേറ്റാന്‍ പാടില്ല.

തനിക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ താന്‍ സഹിച്ചോളാം. പക്ഷേ അച്ഛന് പ്രശ്‌നമുണ്ടാവാന്‍ പാടില്ല. ആ സാഹചര്യത്തിലാണ് സുഹൃത്തായ നന്ദഗോപാല്‍ മാരാരെ ഇന്ദുചൂഡന്‍ സമീപിക്കുന്നത്,’ ഷാജി കൈലാസ് പറഞ്ഞു.