മഴക്കാലത്ത് വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് കോഴിക്കോട്ടെ പൂവാറൻതോട്. കാടോത്തിക്കുന്നും   ഉടുമ്പുപാറയും ഓളി മലയും വടക്കുകിഴക്ക് കല്ലംപുല്ലും  മേടപ്പാറയും അതിരിടുന്ന മനോഹര കാഴ്ച. ചെറു പുൽമേടുകളും വെളളച്ചാട്ടങ്ങളുമാണ് മുഖ്യ ആകർഷണം. കൂടരഞ്ഞിയിലെ കുടിയേറ്റ  കാർഷിക ഗ്രാമം കൂടിയാണ് പൂവാറൻതോട്. സംസ്ഥാനത്ത് ഏറ്റവുമധികം ജാതിക്കൃഷി നടത്തുന്ന സ്ഥലങ്ങളിലൊന്നുകൂടിയാണിവിടം.   
    
പേരിന് പിന്നിൽ… 

പൂവാറന്‍തോട് എന്ന പേര് വന്നതിനു പിന്നിലുമുണ്ട്  പല കഥകള്‍.നിരവധി തോടുകളുള്ള  ഇവിടെ നേരത്തെ നിരവധി പൂമരങ്ങളുണ്ടായിരുന്നു. തോട്ടിലേക്ക് പൂ പൂക്കൾ പാറിവന്നു വീഴുന്നത് കൊണ്ട് പൂ പാറിയ തോട് ആയി. പിന്നീടത് പൂവാറൻ തോടെന്നും മാറി. തണുത്ത കാറ്റും കാലാവസ്ഥയും ആസ്വദിച്ച് പ്രകൃതിഭംഗിയും സാഹസികതയും നുകരാൻ പൂവാറൻ തോട്ടിലെത്തിയാൽ മതി. കോഴിക്കോട്ടെ ആദിവാസി മേഖലകൂടിയായ ഇവിടം 1960കളിൽ കുടിയേറ്റം തുടങ്ങി. നിലവിൽ 490 ഓളം  ആദിവാസി കുടുംബങ്ങൾ  ഈ വനാതിര്‍ത്തി മേഖലയിലുണ്ട്. 

വിനോദ സഞ്ചാരികളെ സ്വീകരിക്കാനും പ്രകൃതി രമണീയത ആസ്വദിക്കാനും നിരവധി റിസോര്‍ട്ടുകളും ഹോം സ്റ്റെകളും ഇവിടെയുണ്ട്. എക്കോ ടൂറിസം പദ്ധതി ആയി വളരുന്ന പ്രദേശം കൂടിയാണ് പൂവാറന്‍തോട്.

എങ്ങിനെയെത്താം ?

കോഴിക്കോട് നഗരത്തില്‍ നിന്നും കൂടരഞ്ഞി വഴി റോഡ് മാര്‍ഗം 48 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൂവാറന്‍തോട് എത്താം. സമുദ്രനിരപ്പില്‍നിന്ന് 2600 അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് കുളിരാമുട്ടിയില്‍ നിന്ന് ചെങ്കുത്തായ കയറ്റവും ഹെയര്‍പിന്‍ വളവുകളും കടക്കണം.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ 

കൂടരഞ്ഞിയില്‍ നിന്ന് വരുമ്പോള്‍ ഉറുമിയിലെ കെ.എസ്.ഇ.ബിയുടെ ജലവൈദ്യുത പദ്ധതിയും ഡാംസൈറ്റും മനേഹര കാഴ്ച നല്‍കുന്നു.പ്രസിദ്ധമായ ലിസ വളവും ഇതിനടുത്ത് തന്നെ.പൂവാറന്‍തോട്ടിലേക്കുള്ള ഹൈറേഞ്ച് യാത്രയും സഞ്ചാരികള്‍ക്ക് നവ്യാനുഭവമേകും. 

 ആനക്കല്ലുംപാറാ വെള്ളച്ചാട്ടം

അഞ്ഞൂറോളം സന്ദര്‍ശകര്‍   ദിവസവും  എത്തുന്ന വെള്ളച്ചാട്ടമാണിത്. മഴക്കാലമാണ് കൂടുതല്‍ നയനാന്ദകരം.

ഉടുമ്പുപാറ 

ശുദ്ധവായുവും ശുദ്ധജലവും മതിയാവോളം നുകര്‍ന്ന് പ്രകൃതിയെ അടുത്തറിയാന്‍ പറ്റിയ മനോഹരമായ ഒരു പ്രദേശം.പൂവാറന്‍തോടിലെ ചതുപ്പ് വഴിയും മേടപ്പാറ ജംഗ്ഷന്‍ വഴിയും ഉടുമ്പുപാറയിലേക്ക് ട്രക്കിങ് നടത്താം.രണ്ടു മണിക്കൂര്‍ സമയം പോയി വരാന്‍ വേണം.ഉടുമ്പുപാറയുടെ മുകളിലെത്തിയാല്‍ നല്ല തണുത്ത കാറ്റാണ്.പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കാഴ്ചയെ മറച്ചുകൊണ്ടു കുറച്ചു പച്ചപ്പുല്ലുകളും  വള്ളിപ്പടര്‍പ്പുകളും ഉണ്ട്.ഇവയെ വകഞ്ഞു മാറ്റി മുന്നോട്ടു നീങ്ങിയാലേ ഉടുമ്പുപാറയില്‍ നിന്നുള്ള പ്രകൃതി സൗന്ദര്യം പൂര്‍ണതോതില്‍ ആസ്വദിക്കാനാകൂ.ചുറ്റും വട്ടമിട്ടു നില്‍ക്കുന്ന മലനിരകളും സമീപസ്ഥവും വിദൂരസ്ഥവുമായ സ്ഥലങ്ങളും ഒരു ആകാശ കാഴ്ചപ്പാലെ സഞ്ചാരിക്കു മുന്നില്‍ തെളിയും.
 
മേടപ്പാറ 

ഇവിടുത്തെ വ്യൂ പോയിന്‍റില്‍ നിന്നും വിദൂര കാഴ്ചകള്‍ കാണാം.പാറയിലെ പുല്‍മേടില്‍ നിന്ന് വയനാടും നിലമ്പൂര്‍ ഭാഗവും നന്നായി ആസ്വദിക്കാം.  കാടോത്തി മല കോഴി വെട്ടുപാറയിലും വ്യൂ പോയിന്‍റ് ഉണ്ട്.ഇവിടെ നിന്നും വിവിധ സ്ഥലങ്ങളുടെ വിദൂര ദൃശ്യം കാണാം.നെല്ലായാമ്പതിക്ക് സമാന കാലാവസ്ഥയാല്‍ പ്രസിദ്ധമാണ് കല്ലംപുല്ല് പ്രദേശം.