സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ ഓണം ബംപറിന്റെ സമ്മാന തുക ലോട്ടറി വകുപ്പ് 25 കോടിയായി ഉയര്‍ത്തി. നിലവില്‍ 12 കോടി രൂപയാണ് തിരുവോണം ബമ്ബറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത്. ഈ വരുന്ന ഓണത്തിന് അത് 25 കോടിയായി ഉയരും.

ഇതടക്കം 126 കോടിയുടെ സമ്മാനമാണ് ഈ ഓണക്കാലത്ത് ലഭിക്കുക. രാജ്യത്ത് തന്നെ ഒറ്റ ടിക്കറ്റില്‍ ഇത്രയും ഉയര്‍ന്ന തുക ഒന്നാം സമ്മാനമായി നല്‍കുന്നത് ഇതാദ്യമാണ്. ഓണത്തോടനുബന്ധിച്ച്‌ ഇറക്കുന്ന തിരുവോണം ബമ്ബറില്‍ മൊത്തം 126 കോടി രൂപ സമ്മാനമായി നല്‍കാനുള്ള നിര്‍ദേശത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

സമ്മാന തുക ഉയരുന്നതിനൊപ്പം ടിക്കറ്റ് വിലയും ഉയരും. 300 രൂപയായിരുന്ന ടിക്കറ്റിന്റെ വില ഈ ഓണക്കാലത്ത് 500 രൂപയായാണ് ഉയരുക. ജൂലൈ 18നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുക. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് . അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കുക. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപ കമ്മീഷനായി ലഭിക്കും.