ആലപ്പുഴ/അമ്പലപ്പുഴ: വിനോദയാത്രയ്‌ക്കു മുമ്പായി മുകളില്‍ പൂത്തിരി കത്തിച്ചു വിവാദത്തിലായ ടൂറിസ്‌റ്റ്‌ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ്‌ പിടികൂടി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍.ടി.ഒ: കെ.സി ആന്റണിയുടെ നേതൃത്വത്തിലുളള സംഘമാണ്‌ പുന്നപ്രയില്‍നിന്നും തകഴിയില്‍നിന്നുമായി വാഹനങ്ങള്‍ പിടികൂടിയത്‌. വിദ്യാര്‍ഥികള്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ്‌ ബസുകള്‍ കസ്‌റ്റഡിയിലെടുത്തത്‌. അമ്പലപ്പുഴയില്‍ വച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്‌ ഉദ്യോഗസ്‌ഥരെ കണ്ട്‌ രണ്ടാമത്തെ ബസ്‌ വഴി തിരിച്ചുവിട്ടെങ്കിലും പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. മോട്ടോർ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങൾ കണ്ടെത്തിയതിനാൽ ഇരുവാഹനങ്ങൾക്കുമായി 36,000 രൂപ പിഴ ചുമത്തി. 

പൂത്തിരി കത്തിക്കാന്‍ മാത്രമായി ബസിന് മുകളില്‍ ഒരു സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും യാത്ര കഴിഞ്ഞ് തിരി​കെയെത്തിയപ്പോള്‍ തീപടര്‍ന്ന സ്ഥലങ്ങളിലെല്ലാം പെയിന്റ് അടിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

പത്തനംതിട്ട സ്വദേശി ജയ പിള്ളയുടെ ഉടമസ്‌ഥതയിലുളള “കൊമ്പന്‍ എന്ന പേരുള്ള ടൂറിസ്‌റ്റ്‌ ബസുകളുടെ മുകളിലാണ്‌ പൂത്തിരി കത്തിച്ച്‌ ആഘോഷം നടത്തിയത്‌. കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ്‌ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ മൈസൂറിലേക്കു വിനോദയാത്ര പുറപ്പെടുന്നതിനു മുമ്പായി പെരുമണ്ണില്‍വച്ചായിരുന്നു സംഭവം. ബസിനു മുകളില്‍ നിന്ന്‌ അകത്തേക്ക്‌ തീപടരുമെന്ന അവസ്‌ഥയായിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വാഹനത്തിന്‌ മുകളില്‍ സ്‌ഫോടക വസ്‌തുക്കള്‍ കത്തിക്കാന്‍ പാടില്ലെന്നിരിക്കെയാണ്‌ പൂത്തിരി കത്തിച്ച്‌ ആഘോഷം നടത്തിയത്‌. നിബന്ധനകള്‍ക്ക്‌ വിരുദ്ധമായി വാഹനത്തിന്‌ രൂപമാറ്റവും വരുത്തിയിട്ടുണ്ട്‌. ഇത്‌ പൂര്‍വസ്‌ഥിതിയിലാക്കി വാഹനം രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള പത്തനംതിട്ട ആര്‍.ടി.ഒയില്‍ ഏഴ്‌ ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന്‌ കാട്ടി നോട്ടീസ്‌ നല്‍കി. 

വാഹനങ്ങള്‍ പിടിയിലായത്‌ ആലപ്പുഴ ആര്‍.ടി.ഒ പരിധിയിലായതിനാല്‍ രണ്ട്‌ ഡ്രൈവര്‍മാരുടേയും ലൈസന്‍സുകള്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചതായി സംഘാംഗം ശരത്‌ സേനന്‍ പറഞ്ഞു. മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയശേഷം വിദ്യാര്‍ഥികളെ കോളജില്‍ തിരികെ എത്തിക്കാന്‍ ഡ്രൈവര്‍മാരെ അനുവദിച്ചു. തുടര്‍ന്ന്‌ ബസുകള്‍ കൊല്ലം ആര്‍.ടി.ഒയ്‌ക്കു കൈമാറും. നിയമലംഘനങ്ങള്‍ക്ക്‌ രണ്ടു ബസുകള്‍ക്കുമായി 36,000 രൂപ പിഴ ചുമത്തി. പൂത്തിരി കത്തിച്ച സംഭവത്തില്‍ കൊല്ലം പോലീസ്‌ പ്രത്യേകം കേസെടുക്കും.