മുംബൈ: നിലപാട് കടുപ്പിച്ച് ഏകനാഥ് ഷിന്‍ഡെ. 12 പേര്‍ക്കെതിരെ നടപടിയെടുക്കുന്നതിലൂടെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ഷിന്‍ഡെ പറഞ്ഞു. ഞങ്ങള്‍ യഥാര്‍ത്ഥ ശിവസൈനികരാണെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.നിയമം ഞങ്ങള്‍ക്കും അറിയാമെന്ന് ഏക്‌നാഥ് ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കി. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം പാര്‍ട്ടി വിപ്പ് നിമസഭയ്ക്കുള്ളില്‍ മാത്രമാണ് ബാധകമെന്നും അദ്ദേഹം പറഞ്ഞു.യോഗം ചേരുന്നതിന് ഇത് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ ഷിന്‍ഡെ പുകഴ്ത്തുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ഷിന്‍ഡേയ്ക്ക് ബി ജെ പി വാഗ്ദാനം ചെയ്തിരിക്കുന്നത് 2019 ല്‍ എന്‍ സി പി നേതാവ് അജിത് പവാറിന് മുന്നില്‍ വെച്ചിരിക്കുന്ന അതേ പദവികള്‍ ആണെന്നാണ് വിവരം. ഉപമുഖ്യമന്ത്രി പദവിയടക്കം ക്യാമ്പിനറ്റില്‍ നിര്‍ണ്ണായക പദവി ആയിരുന്നു 2019 ല്‍ എന്‍ സി പി ക്യാമ്പില്‍ നിന്നും അജിത് പവാറിനെ എത്തിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനം. ഈ ഒരു ഓഫറിലാണ്ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇരുവരും പിന്നീട് രാജിവെക്കുകയായിരുന്നു.

2019 വരെയുള്ള ഫഡ്നാവിസ് സര്‍ക്കാരിന്റെ കാലത്ത് ശിവസേനയ്ക്ക് നല്‍കിയതിന് സമാനമായി ഷിന്‍ഡെ ഗ്രൂപ്പിന് പരമാവധി 12 ബെര്‍ത്തുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ‘അന്ന് നിയമസഭയില്‍ 63 അംഗങ്ങളുണ്ടായിരുന്ന ശിവസേനയ്ക്ക് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം വെറും 5 ക്യാമ്പിനറ്റ് പദവി ഉള്‍പ്പടെ 12 മന്ത്രി പദവികളാണ് നല്‍കിയത്. ഇപ്പോള്‍ ഷിന്‍ഡെ ഗ്രൂപ്പിന് 45 ല്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടായിരിക്കില്ല, അതിനാല്‍തന്നെ സേനയ്ക്ക് 2014 ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പദവികള്‍ ലഭിക്കാന്‍ സാധ്യതയില്ല,’ എന്നാണ് ഒരു ബിജെപി നേതാവ് സൂചന നല്‍കിയത്.

അതേസമയം, ദിവസം എട്ട് ലക്ഷം രൂപയാണ് ശിവസേനയുടെ വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ചെലവാക്കുന്നതെന്നാണ് വിവരം. ഹോട്ടല്‍ താമസത്തിന് മാത്രമാണ് ഈ ചെലവ് വരുന്നത്. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ് ഇവരുടെ താമസം. എഴുപത്ത് മുറികളാണ് ഹോട്ടലില്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഏഴ് ദിവസത്തേക്കാണ് ബുക്കിങ്.മൊത്തം ചെലവ് 56 ലക്ഷം വരുമെന്നാണ് റിപ്പോര്‍ട്ട്.