ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി) തലവൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പവാറിന്റെ വസതിയിലെ കൂടിക്കാഴ്ച. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നു മമതയുടെ ഈ കൂടിക്കാഴ്ച.

പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചതിന് ഒരു ദിവസം മുമ്പാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തതെന്ന പ്രത്യേകതയും ഉണ്ട്. മമതയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശരദ് പവാർ തന്റെ ട്വിറ്ററിൽ ഫോട്ടോസ് പങ്കിട്ടു.

രാജ്യത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചാ വിഷയമായതായി ശരദ് പവാർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രപതി സ്ഥാനാർത്ഥിയായി താൻ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം മുംബൈയിൽ നടന്ന എൻ സി പി യോഗത്തിൽ ശരദ് പവാർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, രാഷ്ട്രപതി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ യോഗത്തിനായി മമത ബാനർജി ഇന്ന് ഉച്ചയോടെയാണ് ഡൽഹിയിൽ എത്തിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മമതാ ബാനർജി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം നാളെ നടക്കും. 22 പ്രതിപക്ഷ പാർട്ടികളെയാണ് മമത യോഗത്തിനായി ക്ഷണിച്ചിരിക്കുന്നത്. മല്ലികാർജുന ഖാർഗെ, ജയറാം രമേഷ്, രൺദീപ് സുർജേവാല എന്നിവരാണ് യോഗത്തിൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകിക്കുക.

ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ആണ് മമതാ ബാനർജി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ ബി ജെ പി ഇതര മുഖ്യമന്ത്രിമാർക്കും മമതാ കത്തയച്ചിരുന്നു. സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്കും തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ചേരുന്ന യോഗത്തിൽ ക്ഷണം ഉണ്ട്. ബി ജെപിക്ക് എതിരായി ശക്തമായ പ്രതിപക്ഷം വേണം എന്നാണ് മമതാ ബാനർജി തന്റെ കത്തിൽ ഉന്നയിച്ചിരിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ആയിരിക്കും യോഗം ചേരുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, രാം നാഥ് കോവിന്ദിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ജൂലൈ 18 ന് നടക്കും. ജൂലൈ 25 – നാണ് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും. ജൂലൈ 24 ന് നിലവിലെ രാഷ്ട്രപതിയായ രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കും.