കോട്ടയം: സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വപ്ന സുരേഷിന്റെ (Swapna Suresh) നീക്കത്തിന് പിന്നാലെയാണ് സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പി സി ജോർജ് രംഗത്ത് വന്നത്.  സ്വപ്നയുടെ രഹസ്യമൊഴിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി കെ ടി ജലീൽ പരാതി നൽകിയതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ച സർക്കാർ നടപടി ആരംഭിച്ചത്.  ഇതുമായി ബന്ധപ്പെട്ടാണ് പിസി ജോർജ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

സ്വർണക്കടത്ത് കേസ് ചർച്ചചെയ്യാൻ സ്വപ്ന സുരേഷും താനുമായി എറണാകുളത്ത് വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന്  പിസി ജോർജ് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ക്രൈം നന്ദകുമാറും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. അന്ന് മൂന്നു പേജുള്ള ഒരു കത്ത് സ്വപ്ന തനിക്ക് കൈമാറിയിരുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കണ്ടതിനുശേഷമാണ് എറണാകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതെന്ന് പിസി ജോർജ് പറയുന്നു.

സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ആയിരുന്നു നീക്കം എന്ന് പി സി ജോർജ് വെളിപ്പെടുത്തി. എന്നാൽ പിന്നീട് ഈ നീക്കത്തിൽ നിന്ന് സ്വപ്ന തന്നെ പിന്മാറി.  ഇക്കാര്യം ആവശ്യപ്പെട്ട് പി സി ജോർജ് ഹൈക്കോടതിയെ സമീപിക്കണ്ട എന്നായിരുന്നു സ്വപ്നയുടെ നിലപാട്. സ്വപ്ന ക്രൈം വാരികയ്ക്ക് അഭിമുഖം നല്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാർ എത്തിയത് എന്നും പി സി ജോർജ്ജ് പറഞ്ഞു. എന്നാണ് കൂടിക്കാഴ്ച നടത്തിയതെന്ന് എറണാകുളം പിഡബ്ല്യുഡി റസ്റ് ഹൗസിലെ രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും എന്നും പി സി ജോർജ്ജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സരിത എസ് നായരും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത് എന്ന് പി സി ജോർജ് ആരോപിച്ചു.  സരിത നൽകിയ കേസിൽ സിബിഐ അന്വേഷണം നടന്നുവരികയാണ്. ഈ കേസിൽ മൊഴി നൽകാൻ വിളിച്ചെങ്കിലും സിബിഐക്ക് മുൻപിൽ ഹാജരാകാൻ തയ്യാറായിട്ടില്ല. എറണാകുളം വരെ സ്വന്തം കാശിൽ യാത്ര ചെയ്യേണ്ട കാര്യമില്ല എന്നും പി സി ജോർജ് പറയുന്നു. ഇക്കാര്യത്തിൽ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ട്. ഇതിൽ മൊഴി നൽകാത്തതിനാലാണ് സരിതയ്ക്ക് തന്നോട് ദേഷ്യം ഉള്ളത് എന്നും പി സി ജോർജ് വ്യക്തമാക്കി.

സരിത എസ് നായരുമായി മുൻപും പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് എന്ന് പി സി ജോർജ് പറഞ്ഞു. എന്നാൽ സരിതയുമായി ചേർന്ന് താൻ ഗൂഢാലോചന നടത്തിയാൽ തനിക്ക് എന്ത് ഗുണം ആണ് ഉള്ളത് എന്ന് പിസി ജോർജ് ചോദിച്ചു. സരിത ഒരുദിവസം ഈരാറ്റുപേട്ടയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.  വീട്ടിലേക്ക് വന്നാൽ കാണാം എന്നാണ് പറഞ്ഞത്.  സരിതയുമായി കൂടിക്കാഴ്ച നടത്തിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയത്.  രാത്രിയിലാണ് സരിത ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയത്. പർദ്ദയിട്ട ശേഷമാണ് സരിത വീട്ടിലെത്തിയത് എന്നും പിസി ജോർജ് പറയുന്നു.  ഏതോ മുസ്ലിം സ്ത്രീ എത്തിയെന്നാണ് താൻ ആദ്യം കരുതിയത്. എന്നാൽ തന്റെ ഓഫീസിലെത്തി പർദ്ദ മാറ്റി കാണിച്ചപ്പോഴാണ് സരിതയാണ് എന്ന് എനിക്ക് വ്യക്തമായ എന്നും പിസി ജോർജ് പറയുന്നു. മറ്റൊരു ദിവസം കായംകുളം വെച്ച് സരിതയുടെ മകൻ താനുമായി കൂടിക്കാഴ്ച നടത്തി. ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയപ്പോഴും സരിതയുടെ മകൻ ഉണ്ടായിരുന്നതായി പി സി ജോർജ് കൂട്ടിച്ചേർത്തു.