തൃശൂര്‍: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ (Swapna Suresh) വെളിപ്പെടുത്തലിലും പ്രതിപക്ഷ പ്രതിഷേധത്തിലും നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (sitaram yechury). സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബി ജെ പി ആണെന്ന് പകൽ പോലെ വ്യക്തമാണ്. കറുപ്പ് നിറമുള്ള മാസ്കോ വസ്ത്രങ്ങളോ ധരിക്കുന്നവരെ തടയാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടില്ല. അങ്ങിനെയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നുവെന്നും യെച്ചൂരി പറഞ്ഞു.

ബി ജെ പി ഇതര സർക്കാരുകളെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുകയാണ്.സിൽവർ ലൈൻ കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ്. അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും യെച്ചൂരി വ്യക്തമാക്കി.

കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ലെന്നും ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തില്‍ ധരിക്കാം. വഴി തടയുന്നു എന്ന് ഒരുകൂട്ടര്‍ വ്യാജപ്രചാരണം നടത്തുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

വഴി നടക്കാനുള്ള അവകാശം എല്ലാ അര്‍ത്ഥത്തിലും നേടിയെടുത്തതാണ് നമ്മുടെ നാട്. ഇവിടെ വഴി തടയുന്നുവെന്ന് ഒരു കൂട്ടര്‍ കൊടുമ്പിരികൊണ്ട പ്രചരണം നടത്തുകയാണ്. ഈ നാട്ടില്‍ വഴി നടക്കാനുള്ള സാഹചര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരുകാരണവശാലുമുണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ചില ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ, പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കുന്നതല്ല.

ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പറ്റില്ലെന്നാണ് കുറച്ചു ദിവസമായി കൊടുമ്പിരിക്കൊണ്ട മറ്റൊരു പ്രചാരണം. കറുത്ത നിറത്തിലുള്ള മാസ്ക് പറ്റില്ല, കറുത്ത വസ്ത്രം പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാന്‍ വേണ്ടി വലിയ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണ് ഇത്. ഇവിടെ ഏതെങ്കിലും തരത്തില്‍ ആ അവകാശം ഹനിക്കുന്ന പ്രശ്‌നമേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില ശക്തികള്‍ എത്രമാത്രം തെറ്റിദ്ധാരണപരമായാണ് നിക്ഷിപ്ത താല്പര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നത് നാം മനസിലാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് കറുത്ത ഷര്‍ട്ടും വസ്ത്രവും മാസ്‌കും പാടില്ല എന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നു എന്ന പ്രചരണം വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.