തിരുവനന്തപുരം: കന്യാസ്ത്രീയെ (Nun) ബലാത്സംഗം (Rape) ചെയ്തു എന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ (Jalandhar Bishop Franco Mulakkal) പൗരോഹിത്യ ചുമതലകളിലേക്ക് തിരികെ എത്തിയേക്കും. ഫ്രാങ്കോ മുളക്കയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചുവെന്നും ഇതിനെ തുടർന്നാണ് തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ. ബിഷപ്പിനെ പൗരോഹിത്യ ചുമതലകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ പൂർത്തിയായതായി സഭാവൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2018 സെപ്റ്റംബറിൽ, ബലാത്സംഗ കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാൽ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചതായി ശനിയാഴ്ച ജലന്ധർ രൂപത സന്ദർശനത്തിനിടെ ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലുള്ള ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി വ്യക്തമാക്കി.

Former Bishop Franco Mulakkal acquitted of all charges in the nun rape case by the Additional District and Sessions Court II, Kottayam on January 14. Photo: Gibi Sam/Manorama

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കുറ്റം സംബന്ധിച്ച കോടതി വിധി വത്തിക്കാൻ അംഗീകരിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ജലന്ധർ രൂപതയിലെ ഒരു കൂട്ടം വൈദികരോട് ആർച്ച് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

ബിഷപ്പ് ഫ്രാങ്കോ വീണ്ടും ജലന്ധർ രൂപതയുടെ ബിഷപ്പായി സേവനമനുഷ്ഠിക്കുമോ എന്ന ചോദ്യത്തിന്, ബിഷപ്പ് നേരിട്ട് മാർപാപ്പയുടെ അധികാരത്തിന് കീഴിലായതിനാൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ നിശ്ചയിക്കാനുള്ള അധികാരം മാർപ്പാപ്പയ്ക്ക് തന്നെയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. വിധി വന്ന് നാല് മാസത്തിന് ശേഷമാണ് കോടതി വിധി അംഗീകരിക്കാൻ വത്തിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

കുറ്റാരോപിതനെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ ബിഷപ്പ് ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച കന്യാസ്ത്രീ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 57 കാരനായ ഫ്രാങ്കോ മുളക്കൽ, ജലന്ധർ രൂപത ബിഷപ്പായിരിക്കെ 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കോട്ടയത്തെ മഠം സന്ദർശിച്ചപ്പോൾ കന്യാസ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. ജലന്ധർ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് സഭയിലെ അംഗമാണ് കന്യാസ്ത്രീ.

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാരെ ഈ കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചിരുന്നു. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്‌ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരെല്ലാം വിസ്താരത്തിനെത്തിയിരുന്നു. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെടുത്തു. പ്രതിഭാഗത്ത് നിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെയാണ്. 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരെ ചുമത്തിയിരുന്നത്.