ദില്ലി; നാഷ്ണൽ ഹെരാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഇഡി ഓഫീസിലെത്തി. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കാൽനടയായിട്ടായിരുന്നു രാഹുൽ ചോദ്യം ചെയ്യലിനെത്തിയത്. ഇതിനിടെ ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധിയെ മാത്രം ഇഡി ഓഫീസിലേക്ക് കടത്തി വിട്ട നടപടിയ്ക്കെതിരെ പ്രവർത്തകർ പ്രതിഷേധിച്ചത് സംഘർഷത്തിന് വഴിവെച്ചു. രാഹുലിന്റെ അഭിഭാഷകരെ ഇഡി ഓഫീസിലേക്ക് പ്രവേശിപ്പിക്കാത്തതിരുന്നതോടെ താക്കൾ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

തുടർന്ന് കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കളെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തു. ബലപ്രയോഗത്തിനിടയിൽ കെ സി വേണുഗോപാൽ കുഴഞ്ഞുവീണു. മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാല, ഷമ മുഹമ്മദ് എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനമാണ് ഷമ മുഹമ്മദ് ഉയർത്തിയത്. മാധ്യമപ്രവര്‍ത്തകർ ബൈറ്റ് നൽകുന്നതിനിടയിലാണ് തന്നെ കസ്റ്റഡിയിൽ എടുത്തതെന്ന് ഷമ ആരോപിച്ചു. മാധ്യമങ്ങളോട് മറുപടി പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോയെന്നും ഈ നാട്ടിൽ എവിടെയാണ് ജനാധിപത്യമെന്നും ഷമ ചോദിച്ചു.

ഇന്ന് രാവിലെയോടെയായിരുന്നു ഇ ഡി ഓഫീസിലേക്ക് രാഹുൽ ഗാന്ധി കാൽനടയായി നടന്നത്. രാവിലെ പ്രിയങ്ക ഗാന്ധിക്കൊപ്പം എ ഐ സി സി ഓഫീസിൽ എത്തിയ രാഹുൽ അവിടെ പ്രവർത്തക സമിതി അംഗങ്ങൾ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇഡി ഓഫീസിലേക്ക് പോകുകയായിരുന്നു. രാഹുൽ ഗാന്ധിയെ അനുഗമിക്കാൻ മുതിർന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട് , മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ എന്നിവർ ശ്രമിച്ചെങ്കിലും നേതാക്കളെ പോലീസ് തടഞ്ഞു. രാഹുൽ എ ഐ സി സി ഓഫീസിൽ നിന്നും പുറത്ത് പോയതിന് ശേഷം മാത്രമായിരുന്നു എംപിമാർ ഉൾപ്പെടെയുള്ളവരെ പുറത്തേക്ക് വിട്ടത്.അതേസമയം സംഘർഷ സാധ്യത മുന്നിൽ കണ്ട് ഇഡി ഓഫീസിന് മുന്നിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഇതെല്ലാം തള്ളിക്കൊണ്ട് പ്രവർത്തകർ രാഹുലിനൊപ്പം ഇഡി ഓഫീസിലേക്ക് നടന്നു.

അതേസമയം ഇഡി ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിനിടെ നിരവധി പേരെ പോലീസ് കസ്റ്റഡയിൽ എടുത്തിട്ടുണ്ട്. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുടെ വസതിയ്ക്ക് മുന്നിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ ദില്ലി പോലീസ് തടഞ്ഞതും സംഘർഷത്തിന് വഴിവെച്ചിരുന്നു.രാഹുലിന്‍റെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരേയും പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കിയിരുന്നു.