നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം കൂടുതല്‍ സജീവമാക്കി അന്വേഷണ സംഘം. ഇതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനും പരിഗണിക്കും. വധഗൂഡാലോചന കേസുമായി ബന്ധിപ്പെട്ട് ദിലീപിന്റേയും മറ്റ് പ്രതികളുടേയും ആറ് ഫോണുകള്‍ കോടതി വഴി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഇതിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നെങ്കിലും സുപ്രധാനമായ പല കാര്യങ്ങളും തിരിച്ചെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. ഈ തെളിവുകളാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിലേക്കും ഉപയോഗിക്കുന്നത്.

പ്രതിഭാഗം ഹാജരാക്കാത്ത രണ്ട് മൊബൈല്‍ ഫോണുകളുടെ മിറർ ഇമേജ് വഴിയുള്ള വിശദ ഫോറന്‍സിക് റിപ്പോർട്ടും ഇതില്‍ ഉള്‍പ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപും അദ്ദേഹത്തിന്റെ അനുജന്‍ അനൂപും സഹോദരി ഭർത്താവും ടിഎന്‍ സുരാജും ഉപയോഗിച്ച ഫോണുകളാണ് ഇവ. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഈ ഫോറന്‍സിക് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള വിശദമായ അന്വേഷണത്തിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഹാജരാക്കാത്ത ഫോണുകളിലാണ് നിർണ്ണായ വിവരങ്ങള്‍ ഉള്ളതെന്നും ഇവ അനൂപും സുരാജും നശിപ്പിക്കുകയോ ഒളിപ്പിക്കുകയും ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടർന്ന് ദിലീപ് ജയിലില്‍ കിടന്ന സമയത്ത് 2017 ലാണ് ഇതിലൊരു ഫോണ്‍ സുരാജ് ഉപയോഗിച്ചത്. അനൂപിന്റെ ഫോൺ ദിലീപ്‌ ജയിലിൽനിന്ന്‌ പുറത്തിറങ്ങിയശേഷം പലതവണ ഉപയോഗിച്ചിരുന്നു. ‌ഇതുപയോഗിച്ച്‌ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പൊലീസ്‌ സംശയിക്കുന്നു. ഈ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് അന്വേഷണ സംഘത്തിനെതിരായ നിർണ്ണായക തെളിവായി മാറിയേനെ.

ദിലീപിന് പൾസർ സുനി ജയിലിൽനിന്ന് അയച്ച കത്തിന്റെ ഫോറൻസിക്‌ പരിശോധനാ റിപ്പോർട്ട്‌ അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്നാണ്‌ സൂചന. 2018 മെയ്‌ ഏഴിന്‌ എഴുതിയ കത്ത്‌ സജിത്‌ എന്ന സുഹൃത്ത്‌ വഴിയാണ്‌ പൾസർ സുനി ദിലീപിന്‌ കൊടുത്തുവിട്ടത്‌. കത്തിലെ കയ്യക്ഷര പരിശോധനഫലമാകും കേസില്‍ നിർണ്ണായകമാവുക.

അതേസമയം, സുനി പറഞ്ഞിട്ടാണോ അവന്‍ ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്ത് വിട്ടതെന്ന് ചോദിച്ചപ്പോള്‍ അവന്‍ ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് അമ്മ വ്യക്തമാക്കിയതെന്ന് വെളിപ്പെടുത്തില്‍ പള്‍സർ സുനിയോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന ജിന്‍സണ്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്തിനാണ് കത്ത് ഇപ്പോള്‍ പുറത്ത് വിട്ടതെന്ന രീതിയിലാണ് പള്‍സർ സുനി അമ്മയോട് സംസാരിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കിയതെന്നും ജിന്‍സണ്‍ പറഞ്ഞു.

ഒരു വഞ്ചനാ കേസില്‍ ജയിയില്‍ വന്നിട്ടുള്ള വിപിന്‍ ലാല്‍ എന്ന് പറയുന്ന ആളാണ് പള്‍സർ സുനിക്ക് വേണ്ടി കത്തെഴുതിയിട്ടുള്ളത്. ഞാനും അദ്ദേഹവും ഏകദേശം ഒരേ സമയത്താണ് ജയിലിന് ഉള്ളിലേക്ക് വരുന്നത്. വിപിന്‍ ലാല്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം എഴുതിയ കത്തല്ല. വിപിന്‍ ലാലിന്റേത് നല്ല കയ്യക്ഷം ആയതുകൊണ്ട് സുനി പറഞ്ഞിട്ട് അദ്ദേഹം എഴുതുകയായിരുന്നു. സുനി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ മാത്രമാണ് വിപിന്‍ലാല്‍ എഴുതിയത്.

ഒരു അഭിഭാഷകനെ വെച്ച് തരാമായിരുന്നില്ലേ? ഇത്രയൊക്കെ ആയിട്ടും ഞാന്‍ പിടിച്ച് നിന്നു. നിങ്ങളുടെ പേര് പറയാതിരിക്കാന്‍ പരമാവധി സഹിച്ചു. ഏതെങ്കിലും ഒരു സന്ദേശകനെ ഇതിനകത്തേക്ക് പറഞ്ഞ് വിട്ടിരുന്നെങ്കില്‍ നിങ്ങളുടെ പേര് പറയാതെ ഞാന്‍ തന്നെ സ്വയം ശിക്ഷ ഏറ്റുവാങ്ങി കൈകാര്യം ചെയ്യുമായിരുന്നുവെന്ന രീതിയിലുള്ള കാര്യങ്ങളാണ് സുനി അന്ന് കത്തില്‍ എഴുതിയിരുന്നതെന്നുമാണ് ജിന്‍സണ്‍ വ്യക്തമാക്കിയത്.