കൊച്ചി; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഏജൻസികൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇഡിക്ക് ഒരു രാഷ്ട്രീയമുണ്ട്. അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്ക് എതിരെ മാത്രമേ അവർ കേസ് എടുക്കുകയുള്ളൂ.രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിൽ മുഖ്യമന്ത്രിയെ സഹായിക്കുകയാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വിഡി സതീശൻ പറഞ്ഞു.രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ ഇ ഡി കേസില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഇ ഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഡി സതീശന്റെ വാക്കുകളിലേക്ക്.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ജിഹ്വയായിരുന്നു നാഷണൽ ഹെറാൾഡ്. എന്റെ വീടായ ആനന്ദ ഭവൻ വിൽക്കേണ്ടി വന്നാലും നാഷണൽ ഹെറാൾഡ് പൂട്ടാൻ സമ്മതിക്കില്ലെന്ന് പണ്ഡിറ്റ് നെഹ്റു ഒരിക്കൽ പറഞ്ഞു. കാലത്തിന്റെ കുത്തൊഴുക്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നാഷണൽ ഹെറാൾഡുമെത്തി. പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ 1906 ലെ കമ്പനി നിയമത്തിന്റെ ഇരുപത്തിയഞ്ചാം വകുപ്പ് പ്രകാരം യംഗ് ഇന്ത്യൻ എന്ന കമ്പനി രൂപീകരിച്ചു. അങ്ങനെ രൂപീകരിക്കുന്ന കമ്പനിക്ക് ഒരു കാരണവശാലും ലാഭം ഉണ്ടാക്കാൻ പറ്റില്ല. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ഇ.ഡി. കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായാണ്.

സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കേസും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കേസും ഒരേ തരത്തിൽ കാണണ്ട. കേന്ദ്ര ഏജൻസികളെ ഇവിടേക്ക് ക്ഷണിച്ച് വരുത്തിയത് മുഖ്യമന്ത്രിയാണ്. സി.പി.എമ്മും സംഘപരിവാറും ചേർന്നുള്ള ഗൂഢാലോചനയിൽ അന്വേഷണം അട്ടിമറിച്ചു. നേരത്തെ രണ്ട് ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായിട്ടും ഇ ഡി അനങ്ങിയില്ല. കാരണം ഇഷ്ടമില്ലാത്തവർക്കെതിരെ മാത്രമേ ഇ ഡി കേസെടുക്കൂ. രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിൽ മുഖ്യമന്ത്രിയെ സഹായിക്കുകയാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

അടിക്കടി കേരളത്തിലേക്ക് വരുന്ന ഒരു കേന്ദ്ര മന്ത്രിയാണ് പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത്. പകല്‍ മുഴുവന്‍ പിണറായി വിരോധമാണ്. കൊച്ചിയിലും കോഴിക്കോടും പത്രസമ്മേളനം നടത്തും. വൈകുന്നേരും തിരുവനന്തപുരത്താണ് പത്രസമ്മേളനം. കാരണം പിണറായി വിജയനെ പോയി കാണണമല്ലോ. രാത്രിയാവുമ്പോ പിണറായിയുമായി സന്ധി ചെയ്യുന്ന ബിജെപിയുടെ കേന്ദ്രമന്ത്രി.വേറെയും ചില ഇടനിലക്കാരുണ്ട്, വിഡി സതീശൻ ആരോപിച്ചു.