പാലക്കാട്: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട് മുന്‍സിപ്പല്‍ സ്റ്റാന്‍ഡില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിന് പിന്നാലെ ഷാഫി പറമ്പില്‍ എം എല്‍ എയും കൂടെയുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിവില്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും മാറ്റി.

കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രവര്‍ത്തകര്‍ കൂടുതല്‍ പേരും മാര്‍ച്ചിനായി എത്തിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. കൊച്ചിയിലും യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി. കമ്മിഷണര്‍ ഓഫീസിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് ബാരിക്കേഡുകള്‍ വച്ച് പ്രവര്‍ത്തകരെ തടഞ്ഞു. മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇന്ന് മുഖ്യമന്ത്ര സ്വന്തം നാടായ കണ്ണൂരിലാണുള്ളത്. ഇതിനിടെ കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവര്‍ത്തകനെ സി പി എം പ്രവര്‍ത്തകര്‍ പൊലീസിന് മുമ്പില്‍ വച്ച് മര്‍ദ്ദിച്ചു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാല്‍ കാല്‍ തല്ലിയൊടിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നാണ് പൊലീസും സി.പി.എം ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരുപാട് പേരുടെ കാലും നട്ടെല്ലും ഒടിക്കേണ്ടി വരും. ഗുണ്ടകളുടെ ആക്രമണത്തിന് പൊലീസ് കൂട്ട് നില്‍ക്കുന്നത് അതിക്രമമാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റിയ തളിപ്പറമ്പിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സി.പി.എമ്മിന്റെ തെരുവ് ഗുണ്ടകള്‍ ആക്രമിച്ചത് കേരളത്തിലെ പൊലീസിന് ഭൂഷണമല്ല. ഈ പോക്കാണെങ്കില്‍ പൊലീസിനോടുള്ള സമീപനവും മാറ്റേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇപ്പോള്‍ കറുപ്പിന്റെ വിമര്‍ശകരായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ കാണിച്ച് കൂട്ടുന്നതെല്ലാം. സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് കറുത്ത മാസ്‌ക് ധരിച്ചവരെയും വസ്ത്രങ്ങള്‍ ധരിച്ചവരെയുമെല്ലാം ഓടിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെ വരെ അപമാനിക്കുകയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.