തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുൻമന്ത്രി കെ ടി ജലീലിനെതിരെ മജിസ്ട്രേറ്റിന് മൊഴി നൽകി. ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ സ്വപ്നയ്ക്കെതിരെ കെ ടി ജലീൽ പരാതി നൽകിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് കെ ടി ജലീൽ നടത്തിയ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് സ്വപ്ന സുരേഷ് മജിസ്ട്രേറ്റിന് മൊഴി നൽകിയത്. താൻ രഹസ്യ മൊഴിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും സ്വപ്നസുരേഷ് പറഞ്ഞു.

അഭിഭാഷകൻ കൃഷ്ണ രാജുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സ്വപ്ന സുരേഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്വപ്ന പറഞ്ഞത്:- ‘രഹസ്യ മൊഴിയില്‍ ഞാൻ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം വെളിപെടുത്തും. ഗുഢാലോചന നടത്തിയത് താനല്ല. കെ ടി ജലീല്‍ ആണ്. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. താൻ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നിൽക്കുന്നു ഇപ്പോഴും. എനിക്കെതിരെ ജലീല്‍ എന്തൊക്കെ കേസ് കൊടുക്കും എന്ന് നമുക്ക് നോക്കാം. കാണാം. തന്നെ ഇവിടുളള പൊലീസ് പിന്തുടരേണ്ട ആവശ്യമില്ല. എനിക്കുളള സുരക്ഷ ഞാൻ തന്നെ, ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതിന് വേണ്ടി ഇനി കേരള പൊലീസ് സംരക്ഷണം എനിക്ക് വേണ്ട’.

അതേസമയം, സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീൽ എം എൽ എ രംഗത്ത് വന്നത് ജൂൺ 8 നായിരുന്നു. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്.

ഇതിന് പിന്നിൽ ആരാണെന്നത് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇടതുപക്ഷമുന്നണി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ യു ഡി എഫും ബി ജെ പിയും ഒരുമിച്ച് ശ്രമിക്കുകയാണെന്നും കെ ടി ജലീൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ജലീലിന്റെ പരാതിയിൽ ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. 153, 120 ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷും രണ്ടാംപ്രതി പി സി ജോർജുമാണ്.

ശേഷം, കെ ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആറും പുറത്തു വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എഫ് ഐ ആറിലൂടെ വ്യക്തമാക്കുന്നു. മുൻ എം എൽ എ പി സി ജോർജും സ്വപ്ന സുരേഷും ചേർന്ന് ആസൂത്രിത കലാപം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നുണ്ട്.

രണ്ടുമാസം മുമ്പാണ് ഇത് സംബന്ധിച്ച ഗൂഢാലോചന പി സിയുമായി സ്വപ്ന നടത്തിയത്. പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് ആസൂത്രിത ശ്രമിച്ചു എന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്. അതേസമയം, കെ ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വപ്ന സുരേഷിനെയും പി സി ജോർജിനെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത്.

അതേസമയം, പരാതിക്കാരനായ കെ ടി ജലീലിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. കേസിന്റെ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിയുമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി തുടർ നടപടികൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ഗൂഢാലോചന കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും പി സി ജോർജിനെയും നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം നിശ്ചയിച്ചിരിക്കുന്നത്. വരുന്ന തിങ്കളാഴ്ചയോട് കൂടി തന്നെ തുടർ നടപടികൾ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന് തീരുമാനം.