കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ ഭീതിയിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനേയും ഭയമാണെന്നും സതീശന്‍ പറഞ്ഞു.മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനേ പാടില്ല. കറുത്ത മാസ്‌ക് പാടില്ല, വസ്ത്രം പാടില്ല. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കേറിയിരിക്കുകയാണ്. അതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി കാണുന്നത്. ഇനി കറുപ്പ് നിറം നിരോധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.

മുണ്ടുടുത്ത നരേന്ദ്രമോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന ഞങ്ങളുടെ ആക്ഷേപം പൂര്‍ണമായി ശരിവെക്കുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു. ഏത് ജില്ലയില്‍ ചെന്നാലും ആ ജില്ലയിലെ മുഴുവന്‍ പോലീസുകാരെയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് നിയോഗിക്കേണ്ട സ്ഥിതിയാണ്. 300 മുതല്‍ 500 വരെ പോലീസുകാരെയാണ് ഓരോ പരിപാടിക്കും നിയോഗിക്കുന്നത്.

ഇത് ഹിറ്റ്‌ലറുടെ കേരളമാണോ. ഇതെന്ത് കേരളം ആണ്. യുഡിഎഫിനെ വിരട്ടാന്‍ നോക്കേണ്ട. ഇതൊന്നും കണ്ട് വിരളില്ല. മുഖ്യമന്ത്രി വലിയ കുഴിയില്‍ വീണിരിക്കുകയാണ്. അതില്‍ നിന്ന് കരകയറാനാണ് ഈ ശ്രമം നടത്തുന്നതെന്ന് സതീശന്‍ പറഞ്ഞു.

സ്വപ്നയുടെ 164 മൊഴിയെ ഭയക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ട് ?ഇതില്‍ കാര്യമുണ്ടെന്ന് പലര്‍ക്കും ഇപ്പോള്‍ തോന്നുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അനങ്ങാത്തത് എന്തുകൊണ്ടാണ്? ഭയമുള്ളതുകൊണ്ടാണ് കോടതി വഴിയുള്ള നിയമപരമായ പരിരക്ഷ മുഖ്യമന്ത്രി തേടാത്തത്. മുഖ്യമന്ത്രി ഭയപ്പെടേണ്ട. ഒരു കല്ലുകൊണ്ടു പോലും മുഖ്യമന്ത്രിയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ എറിയില്ല. അത് പ്രതിപക്ഷ നേതാവ് നല്‍കുന്ന ഉറപ്പാണെന്നും സമരം തുടരുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.