ന്യൂഡല്‍ഹി: രാജ്യത്ത് 17 ജില്ലകളിലാണ് കോവിഡ് പടരുന്നതെന്നും ഇതില്‍ ഏഴെണ്ണം കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ്. മിസോറമിലാണ് അഞ്ചെണ്ണം. ചില ജില്ലകളില്‍ മാത്രമാണ് കേസുകള്‍ കൂടുന്നത്.

കോവിഡ് നിരക്ക് ഉയരുന്നതില്‍ ആശങ്ക വേണ്ടെന്നും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍ കാണിക്കുന്ന അലസതയും ഇവര്‍ ചൂണ്ടിക്കാട്ടി. പലരും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നില്ല.

നിലവില്‍ ബി.എ-2, ബി.എ-4, ബി.എ-5 തുടങ്ങിയ വകഭേദങ്ങളാണുള്ളതെന്നും പ്രതിരോധത്തിനായുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എന്‍.ടി.എ.ജി.ഐ) ചെയര്‍മാന്‍ ഡോ. എന്‍.കെ. അറോറ വ്യക്തമാക്കി. ഇതിന് പടരാനുള്ള സാധ്യത ചെറിയ തോതില്‍ കൂടുതലാണ്.

കോവിഡ് കേസുകള്‍ കൂടിയെങ്കിലും ആശുപത്രിയിലെത്തുന്നവരുടെയും മരണം സംഭവിക്കുന്നവരുടെയും എണ്ണത്തില്‍ വര്‍ധനയില്ലെന്ന് ‘എയിംസ്’ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.