ദില്ലി: രാഷ്ട്രപുതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ നേടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കാര്യങ്ങളൊന്നും എളുപ്പമാകില്ല. സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പാര്‍ട്ടി ബുദ്ധിമുട്ടിയേക്കും. സോണിയാ ഗാന്ധി സീനിയര്‍ നേതാക്കളെ വിട്ട് സംയുക്ത സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിനായി എല്ലാ ശ്രമവും നടത്തുന്നുണ്ട്.

എന്നാല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന പ്രാദേശിക കക്ഷികള്‍ ഇത്തവണ കളം മാറി ചവിട്ടുമെന്നാണ് സൂചന. മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നീക്കങ്ങള്‍ വിജയിക്കില്ലെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിലുപരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വ്യക്തിപരമായ മികവും ഇക്കാര്യത്തില്‍ ഗുണം ചെയ്യും.

കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ മറ്റൊരു പാര്‍ട്ടിയും കോണ്‍ഗ്രസിനെ പിന്തുണച്ചെന്ന് വരില്ല. ഡിഎംകെ മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുക. ആര്‍ജെഡി അടക്കമുള്ളവര്‍ ഇപ്പോള്‍ കൂടെയില്ല. മറ്റേതെങ്കിലും കക്ഷി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് കരുതാനാവില്ല. മത്സരിച്ചാല്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വരും. അത് മാത്രമല്ല. പ്രതിപക്ഷ വോട്ടുകളെ ഭിന്നിക്കാന്‍ ശ്രമിച്ചെന്ന പേരുദോഷവും വേറെ വരും. അത് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് സഖ്യത്തെ തന്നെ ബാധിക്കും.

പക്ഷേ കോണ്‍ഗ്രസ് ഇത്രയൊക്കെയാണെങ്കിലും ബിജെപി വളരെ മുന്നിലാണ്. പ്രധാന കാര്യം എതിരാളികളില്‍ നിന്ന് പോലും അവര്‍ക്ക് വോട്ട് കിട്ടാന്‍ സാധ്യത കൂടുതലാണ് എന്നതാണ്. ടിആര്‍എസ് അവരെ എതിര്‍ക്കും. പക്ഷേ കോണ്‍ഗ്രസുള്ള സഖ്യത്തില്‍ അവരുണ്ടാവുമോ എന്ന് വ്യക്തമല്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഒരിക്കലും പ്രതിപക്ഷ നിരയെ പിന്തുണയ്ക്കാന്‍ തയ്യാറല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് ആ അവരുടെ വോട്ട് കിട്ടുമെന്ന് കരുതേണ്ടതില്ല. 25 ലോക്‌സഭാ സീറ്റുകള്‍ ആന്ധ്രയിലുണ്ട്. അവര്‍ ബിജെപിക്ക് അനുകൂല നിലപാട് മുമ്പും എടുത്തിട്ടുണ്ട്.

നിര്‍ണായകമായ മറ്റൊരു കാര്യം ബിജു ജനതാദളും ബിജെപിക്ക് അനുകൂലമായിട്ടാണ് നില്‍ക്കുന്നതെന്നാണ്. ഇവര്‍ രണ്ടുപേരും കേന്ദ്രത്തെ പിന്തുണയ്ക്കുന്നതിന് പ്രധാന കാര്യം കേസുകളാണ്. ജഗനെതിരായ കേസുകള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. കേന്ദ്രവുമായി നല്ല ബന്ധം തുടരുന്നത് പാളിയാല്‍ ആ നിമിഷം കേസ് വരും. അതോടെ മുമ്പ് ജയിലില്‍ കിടന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ സമയം ജഗനുണ്ടാവും. അതുപോലെ തന്നെയാണ് നവീന്‍ പട്‌നായിക്കും. പല കേസുകള്‍ ബിജെഡി നേതാക്കള്‍ക്ക് അടക്കമുണ്ട്. ഇവര്‍ രണ്ട് പേരും ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതും കേസ് വരുന്നത് കൊണ്ടാണ്.

അതേസമയം ഇവരില്ലാതെ പ്രതിപക്ഷത്തിന് ഒന്ന് പോരാടാന്‍ പോലും സാധിക്കില്ല. കോണ്‍ഗ്രസിന്റെ ഈ നീക്കം ബിജെപിയുടെ ചാണക്യ തന്ത്രത്തില്‍ പൊളിയാനാണ് സാധ്യത. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്നവരെ എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ വിളിക്കുമെന്നാണ് സൂചന. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ പോലും മോദി വിളിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ പവാറിനെ വിളിച്ച് പിന്തുണ തേടിക്കഴിഞ്ഞു. സംയുക്ത സ്ഥാനാര്‍ത്ഥിക്ക് എല്ലാവിധ പിന്തുണയും പവാര്‍ ഓഫര്‍ ചെയ്തിട്ടുണ്ട്. അതേസമയം സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്.

പക്ഷേ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ മാറ്റമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജനാധിപത്യം സംരക്ഷിക്കപ്പെടാനാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നും, ജനാധിപത്യത്തില്‍ പരസ്പരമുള്ള മത്സരം തിരഞ്ഞെടുപ്പില്‍ ആവശ്യമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസിനോട് എതിര്‍പ്പുള്ളവരെ അനുനയിപ്പിക്കാന്‍ ശരത് പവാര്‍ തന്നെ ഇറങ്ങണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇത് സംഭവിക്കാനാണ് സാധ്യത. പവാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തോട് അനുകൂല സമീപനമല്ല ഉണ്ടായിരിക്കുന്നത്. പവാറിന് താല്‍പര്യമില്ലെന്നാണ് സൂചന. ഏതെങ്കിലും മേഖലയില്‍ നിന്നുള്ള പ്രമുഖനോ ദളിത് നേതാവോ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത.