ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം. ക്രോസ് വോട്ടിംഗ് ചെയ്ത കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുത്തിരുന്നു. എന്നാല്‍ ബിഷ്‌ണോയ് കോണ്‍ഗ്രസ് വിടുമെന്ന സൂചനയാണ് ലഭിക്കുന്നത്. വൈകാതെ തന്നെ അദ്ദേഹം മുഖ്യമന്ത്രി മനനോഹര്‍ ലാല്‍ ഖട്ടാറിനെ കാണാനുള്ള ഒരുക്കത്തിലാണ്.

കേന്ദ്ര നേതൃത്വത്തിന് അടക്കം ബിഷ്‌ണോയിയെ പാര്‍ട്ടിയിലെത്തിക്കാന്‍ വലിയ താല്‍പര്യമുണ്ട്. മറ്റൊരു സംസ്ഥാനത്ത് അതിന്റെ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അജയ് മാക്കന്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. ഭൂപീന്ദര്‍ ഹൂഡയ്ക്കും ഇത് വലിയ നാണക്കേടായി.

ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ കാര്‍ത്തികേയ ശര്‍മയ്ക്കാണ് കുല്‍ദീപ് ബിഷ്‌ണോയ് വോട്ട് ചെയ്തത്. ബിഷ്‌ണോയ് പാര്‍ട്ടി മാറുമെന്നാണ് ബിജെപിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മുന്‍ ഹരിയാന മുഖ്യമന്ത്രി ബജല്‍ ലാലിന്റെ മകനാണ് അദ്ദേഹം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന്റെ പേരിലാണ് ഹൈക്കമാന്‍ഡുമായി ബിഷ്‌ണോയ് തെറ്റിയത്. ഭൂപീന്ദര്‍ ഹൂഡയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നതിനും ബിഷ്‌ണോയിക്ക് എതിര്‍പ്പുണ്ട്. ബിജെപിയുമായി അടുക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇതിന് ശേഷം ബിഷ്‌ണോയ് ചെയ്ത് കൊണ്ടിരിക്കുന്നത്.

ക്രോസ് വോട്ടിംഗോടെ ബിജെപി അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഹരിയാന ജാട്ട് ഇതര നേതാക്കളില്‍ പ്രമുഖനാണ് ബിഷ്‌ണോയ്. 1996 വരെ ഭജന്‍ ലാല്‍ ഹരിയാന ഭരിച്ചിരുന്നു. 2005ല്‍ കോണ്‍ഗ്രസ് ജയിക്കുമ്പോള്‍ ഭജന്‍ ലാലിന്റെ പേര് സജീവ പരിഗണനയിലുണ്ടായിരുന്നു. ഇതിനിടയില്‍ ഭജന്‍ ലാലും ബിഷ്‌ണോയിയും കോണ്‍ഗ്രസ് വിട്ടിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധിയാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുന്നത്. അതേസമയം ബിഷ്‌ണോയ് ബിജെപിയില്‍ ചേര്‍ന്നാല്‍ ഉറപ്പായും വലിയ പദവികള്‍ കിട്ടുമെന്ന് ഉറപ്പാണ്.

ആദംപൂരില്‍ ഇതിനോടകം ഉപതിരഞ്ഞെടുപ്പ് വാദങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെച്ച് ബിഷ്‌ണോയ് ബിജെപിയില്‍ ചേരുമെന്നാണ് ഇതിനര്‍ഥം. അഞ്ച് ദശാബ്ദങ്ങളായി ബിഷ്‌ണോയ് കുടുംബം ആദംപൂരില്‍ ഒരു തിരഞ്ഞെടുപ്പ് തോറ്റിട്ടില്ല. അതേസമയം ബിഷ്‌ണോയ് വിഭാഗം അറിയപ്പെടുന്ന സമുദായമാണ്. ബിജെപി രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നത്. രാജസ്ഥാനിലെ പ്രബല വിഭാഗമാണ് ബിഷ്‌ണോയിമാര്‍. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും അവിടെ നടക്കാനുള്ളതാണ്.

രാജസ്ഥാനിലെ 32 മണ്ഡലങ്ങളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ട്. കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിയിലെത്തിയാല്‍ ഇത് രാജസ്ഥാനിലും മാറ്റങ്ങള്‍ കൊണ്ടുവരാം. ഹരിയാനയിലെ ഫത്തേഹാബാദ്, ഹിസാര്‍ ജില്ലകളില്‍ വലിയ സ്വാധീനം ബിഷ്‌ണോയിമാര്‍ക്കുണ്ട്. ഇവരുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നയാളാണ് കുല്‍ദീപ്. അതേസമയം കോണ്‍ഗ്രസ് എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും ബിഷ്‌ണോയിയെ നീക്കിയിരിക്കുകയാണ്. അതേസമയം ബിഷ്‌ണോയിയുടെ സുഹൃത്തായ രണ്‍ദീപ് സുര്‍ജേവാല ഹരിയാനയില്‍ നിന്ന് മത്സരിക്കാതിരുന്നത് ക്രോസ് വോട്ടിംഗ് പേടിച്ചാണ്.

സുര്‍ജേവാല ആയിരുന്നെങ്കില്‍ ബിഷ്‌ണോയ് വോട്ട് ചെയ്യുമായിരുന്നുവെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വിവേചനപരമായിട്ടാണ് പെരുമാറുന്നതെന്ന് കുല്‍ദീപ് ആരോപിച്ചു. ചിലര്‍ക്ക് എന്ത് അച്ചടക്ക ലംഘനം നടത്തിയാലും പ്രശ്‌നമില്ല. ബാക്കിയുള്ളവരെ പക്ഷേ പുറത്താക്കുന്നതാണ് രീതിയെന്നും കുല്‍ദീപ് ആരോപിച്ചു. അതേസമയം കുല്‍ദീപ് ബിഷ്‌ണോയ് പോകട്ടെ എന്ന നിലപാടിലാണ് ഹൂഡ പക്ഷം. ആദംപൂരില്‍ മാത്രമാണ് ബിഷ്‌ണോയിക്ക് ശക്തിയുള്ളത്. ഹിസാരില്‍ മൂന്നാം സ്ഥാനത്തായിരുന്നു കുല്‍ദീപിന്റെ മകന്‍. അങ്ങനെയുള്ളയാള്‍ രാജസ്ഥാനില്‍ എന്ത് ചെയ്യാനാണ്. ഹരിയാനയില്‍ പോലും കുല്‍ദീപിന് ശക്തിയില്ലെന്ന് ഹൂഡ പക്ഷം പറയുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തില്‍ കുല്‍ദീപ് തന്നെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദീപേന്ദര്‍ ഹൂഡ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഹൂഡ പക്ഷവും ഇതിനൊപ്പം നിന്നു. ഹിസാറില്‍ കുല്‍ദീപിന്റെ മകന്റെ പ്രകടനം അടക്കമാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം മുന്നില്‍ നിര്‍ത്തി പാര്‍ട്ടി വിടാനാണ് കുല്‍ദീപ് പ്ലാന്‍ ചെയ്യുന്നത്. സുര്‍ജേവാല ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഇറങ്ങിയേക്കുമെന്ന് സൂചനയുണ്ട്.