ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയെ കണ്ടെത്താന്‍ ബിജെപി നടപടികള്‍ തുടങ്ങി. പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുന്നതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തി. എന്‍ഡിയിലെ ബിജെപി ഇതര കക്ഷികള്‍, യുപിഎ, മറ്റു പ്രാദേശിക പാര്‍ട്ടികള്‍, സ്വതന്ത്ര എംപിമാര്‍ എന്നിവരുമായി ഇരുവരും ചര്‍ച്ച നടത്തും. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21ന് വോട്ടെണ്ണും. ജെപി നദ്ദയെയും രാജ്‌നാഥിനെയും ചുമതലപ്പെടുത്തിയ കാര്യം ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് അറിയിച്ചത്.

അതേസമയം, പ്രതിപക്ഷ നേതാക്കളുടെ യോഗം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചിരിക്കുകയാണ്. അടുത്ത ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തിലേക്ക് രാജ്യത്തെ എല്ലാ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും ക്ഷണമുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും ഇതില്‍ പങ്കെടുക്കില്ലെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാനിരിക്കെയാണ് മമതയുടെ നീക്കം. ഇതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. സോണിയ ഗാന്ധിക്ക് കൊവിഡ് ബാധിച്ചതിനാല്‍ പ്രതിപക്ഷ നേതാക്കളെ കാണുന്നതിനുള്ള ചുമതല മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 15ന് കോണ്‍സ്റ്റിറ്റൂഷന്‍ ക്ലബ്ബിലാണ് മമത വിളിച്ച യോഗം. പ്രതിപക്ഷ ചേരിയില്‍ പൊതുവായ ഒരു സ്ഥാനാര്‍ഥി വരുമെന്നാണ് സൂചന.

തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിന് വോട്ട് രേഖപ്പെടുത്തുക. നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ടുണ്ടാകില്ല. നിലവിലെ എണ്ണം എന്‍ഡിഎയ്ക്ക് അനുകൂലമാണ്. ഇലക്ട്രല്‍ കോളജില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎയ്ക്കാണ്. 2017ല്‍ സമാനമായ സാഹചര്യം വന്നപ്പോള്‍ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരെയാണ് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ ചുമതലപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ രാഷ്ട്രപതിയാത്.

സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്തുണ ലഭിക്കുമോ എന്ന കാര്യത്തില്‍ ഇത്തവണ ബിജെപിക്ക് സംശയമുണ്ട്. ഇവരുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്നാണ് വിവരം. കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയിരുന്നു. ഒഡീഷയിലെ ബിജു ജനതാദളിന്റെ പിന്തുണയും ഉറപ്പിക്കേണ്ടതുണ്ട്. 2017ല്‍ രാംനാഥ് കോവിന്ദിന് ബിജെഡി പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യ നായിഡുവിനെ ബിജെഡി പിന്തുണച്ചിരുന്നില്ല. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയും ബിജെപി ഉറപ്പിക്കുമെന്നാണ് കരുതുന്നത്. ആരാണ് സ്ഥാനാര്‍ഥികള്‍ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. മുസ്ലിം നേതാവിനെ ബിജെപി ഉയര്‍ത്തിക്കാട്ടുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.