വാഷിംഗ്ടൺ: യുഎസിൽ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടന്ന അഴിമതിയിൽ പങ്കാളിയായെന്നാരോപിച്ച് ഇന്ത്യൻ പൗരയെ അറസ്റ്റ് ചെയ്തു. ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ആണ് വിർജീനിയയിൽ നിന്ന് 24 കാരിയായ അനിരുദ്ധ കൽക്കോട്ടയെ അറസ്റ്റ് ചെയ്തത്. ഇവരെ വെള്ളിയാഴ്ച ഹൂസ്റ്റണിലെ യുഎസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഗൂഢാലോചന, തപാൽ തട്ടിപ്പ് എന്ന് തുടങ്ങി പന്ത്രണ്ടോളം കുറ്റങ്ങളാണ് കൽക്കോട്ടിനെതിരെ ചുമത്തിയിരിക്കുന്നത്.

ഹൂസ്റ്റണിലെ അനധികൃത താമസക്കാരനായ എം.ഡി ആസാദ് (25) എന്നയാളുടെ പേരും ഈ കുറ്റപത്രത്തിൽ ഉണ്ട്. ഇയാൾ 2020 ഓഗസ്റ്റിൽ ആദ്യം കുറ്റാരോപിതനായിരുന്നു. ഇയാൾക്കെതിരെ വീണ്ടും ആരോപണം വന്നിരിക്കുന്ന സാഹചര്യത്തിൽ ഇയാളെ വീണ്ടും കോടതിയിൽ ഹാജരാകും. ഇവർക്കെതിരെയുള്ള കുറ്റം തെളിഞ്ഞാൽ, ഇരുവർക്കും 20 വർഷം വരെ തടവും 250,000 യുഎസ് ഡോളർ പിഴയും ലഭിക്കും. ഈ കേസിൽ ഇതുവരെ മൂന്ന് പേർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവർ ശിക്ഷയ്ക്കായി കാത്തിരിക്കുകയാണ്. സുമിത് കുമാർ സിംഗ് 24, ഹിമാൻഷു കുമാർ 24, എംഡി ഹസിബ് 26. ഇവരാണ് കുറ്റം സമ്മതിച്ച പ്രതികൾ. ഇവർ ഹൂസ്റ്റണിൽ അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരന്മാരാണ്.

കുറ്റാരോപണങ്ങൾ പ്രകാരം പ്രതികൾ ഇരകളെ പല തരം തന്ത്രങ്ങൾ ഉപയോഗിച്ച് കബളിപ്പിക്കും. പിന്നീട് വെസ്റ്റേൺ യൂണിയൻ അല്ലെങ്കിൽ മണിഗ്രാം പോലുള്ളവയിൽ നിന്ന് പണം അയക്കാനും ആവശ്യപ്പെടും. ഗിഫ്റ്റ് കാർഡുകൾ നൽകി വഞ്ചിച്ചും ഇവർ പണം സമ്പാദിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ അറിവുള്ളവരാണ് തട്ടിപ്പുകൾക്ക് പിന്നിൽ. തട്ടിപ്പുകാർ ഇരകളെ ഫോണിലൂടെയോ ഇന്റർനെറ്റ് സൈറ്റുകൾ വഴിയോ ആണ് ബന്ധപ്പെട്ടിരുന്നത്. എന്നിരുന്നാലും എല്ലാ കുറ്റകൃത്യങ്ങളും ഒരു പ്രത്യേക ഫോൺ നമ്പറിൽ കേന്ദ്രീകരിച്ചിരുന്നു എന്നും കുറ്റപത്രം ആരോപിക്കുന്നു.

ഇരകൾ തട്ടിപ്പുകാരുമായി ബന്ധപ്പെട്ടുകഴിഞ്ഞാൽ സാങ്കേതിക പിന്തുണാ സേവനങ്ങൾ നൽകുന്നതിന് കമ്പ്യൂട്ടറിലേക്ക് വിദൂര ആക്സസ് ആവിശ്യപ്പെട്ടിരുന്നു. ഇരകൾ ഇത് അനുവദിക്കുന്നതോടെയാണ് ഇവർ വഞ്ചിതരാകുന്നത്. ഇരകളുടെ കമ്പ്യൂട്ടറിലേക്കുള്ള ആക്സസ് നൽകുന്നതോടെ ഇവരുടെ സ്വകാര്യമായ ബാങ്ക് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, മറ്റ് സ്വകാര്യ വിവരങ്ങൾ എല്ലാം തട്ടിപ്പുകാർ നിയന്ത്രിക്കുന്ന അവസ്ഥ ആയിരുന്നു എന്നും നീതിന്യായ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.