കൊച്ചി: വന്‍ കോലാഹലമുണ്ടാക്കിയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഓഡിയോ സംഭാഷണം പുറത്ത് വിട്ടത്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് സ്വപ്‌ന ആരോപിക്കുന്ന ഷാജ് കിരണുമായുളളതാണ് ഫോണ്‍ സംഭാഷണം.

മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും എതിരെയുളള പരാമര്‍ശങ്ങള്‍ സംഭാഷണത്തിലുണ്ട്. അതിനിടെ സ്വപ്‌നയ്ക്ക് മറുപടിയായി വീഡിയോ പുറത്ത് വിടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷാജ് കിരണ്‍. ഷാജ് കിരണും ബിസിനസ്സ് പങ്കാളിയായ ഇബ്രാഹിമും കേരളം വിട്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനും അടക്കം എതിരെയാണ് സ്വപ്‌ന രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. ഇത് വിവാദമായതോടെ മുഖ്യമന്ത്രിയുടെ ദൂതനായി ഷാജ് കിരണ്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഷാജ് കിരണുമായി സംസാരിക്കുന്ന ഓഡിയോ സ്വപ്‌ന സുരേഷ് പുറത്ത് വിട്ടത്.

ഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്ക് കടത്തുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് എന്നതടക്കം ഷാജ് കിരണ്‍ പറഞ്ഞുവെന്നാണ് വാദം. ഇതോടെയാണ് സ്വപ്‌നയ്ക്ക് എതിരെ നാളെ വീഡിയോ പുറത്ത് വിടുമെന്ന് ഷാജ് കിരണ്‍ വ്യക്തമാക്കിയത്. ഈ വീഡിയോ ഫോണില്‍ ഇല്ലെന്നും ഡിലീറ്റ് ആയിപ്പോയെന്നും ഷാജ് കിരണ്‍ പറയുന്നു.

3

നിലവില്‍ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും തമിഴ്‌നാട്ടിലാണ് ഉളളത്. ഫോണില്‍ നിന്നും ഡിലീറ്റ് ആക്കിയ വീഡിയോ തിരിച്ച് എടുക്കുന്നതിന് വേണ്ടിയാണ് തമിഴ്‌നാട്ടിലേക്ക് വന്നതെന്ന് ഇവര്‍ പറയുന്നു. വീഡിയോ തിരിച്ചെടുത്ത ശേഷം കൊച്ചിയിലെത്തുമെന്നും വീഡിയോ പുറത്ത് വിടുമെന്നും ഷാജ് കിരണ്‍ പറഞ്ഞു. സ്വപ്‌നയുമായുളള ചര്‍ച്ചയാണ് വീഡിയോയില്‍ ഉളളത്.

4

ബുധനാഴ്ചയാണ് സ്വപ്‌നയുമായി സംസാരിക്കുന്ന വീഡിയോ എടുത്തത്. സ്വപ്‌നയുമായുളള ബന്ധത്തിന്റെ പേരില്‍ പോലീസ് ഫോണ്‍ പരിശോധിക്കുമോ എന്ന് ഭയന്ന് വ്യാഴാഴ്ച വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇപ്പോള്‍ സ്വപ്‌ന തങ്ങള്‍ക്ക് എതിരെയായ സാഹചര്യത്തിലാണ് വീഡിയോ വീണ്ടെടുത്ത് പുറത്ത് വിടാന്‍ ഒരുങ്ങുന്നതെന്ന് ഇബ്രാഹിം പറയുന്നു. സഹായം അഭ്യര്‍ത്ഥിച്ച ഒരു സ്ത്രീയെ സഹായിക്കാന്‍ ശ്രമിച്ചു എന്നതല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇബ്രാഹിം പറയുന്നു.

5

എന്തുകൊണ്ടാണ് സ്വപ്‌ന സുരേഷ് രഹസ്യ മൊഴി കൊടുത്തത് എന്നും ആരുടെ നിര്‍ബന്ധം കാരണമാണ് എന്നും വീഡിയോ പുറത്ത് വരുന്നതോടെ വ്യക്തമാകുമെന്നും ഇബ്രാഹിം പറയുന്നു. അവര്‍ തയ്യാറാക്കിയ ഫ്രെയിമിലേക്ക് തങ്ങള്‍ ചെന്ന് ചാടുകയായിരുന്നുവെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഉളള ഉത്തരം വീഡിയോയില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം ഷാജ് കിരണിനെ അടുത്ത ആഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.