റാഞ്ചി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി. നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ വന്‍ സംഘര്‍ഷം. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും വെടിവെയ്പ്പിലുമായി രണ്ട് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രണ്ടുപേരാണ് മരിച്ചതെന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ അറിയിച്ചു. പത്ത് പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ബിജെപി പുറത്താക്കിയ മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രസ്താവനക്കെതിരെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റാലിയിലും പ്രതിഷേധപ്രകടനങ്ങളിലും പലയിടത്തും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു.

Image

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. റാഞ്ചിയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് കത്തിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാര്‍ തിരിച്ചും വെടിവെച്ചതായാണ് പോലീസിന്‍റെ വാദം.

പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് റാഞ്ചിയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. വിവാദ പരാമര്‍ശം നടത്തിയ നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.കല്ലെറിഞ്ഞ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേക്ക് വെടിവെക്കുന്നതിന്റേയും ലാത്തിചാര്‍ജ് നടത്തുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്ഥലത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമുണ്ടാകുമെന്നും സ്ഥിതിവിശേഷം നേരിടുന്നതിന് സജ്ജരായിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

ബിജെപി വക്താവ് നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊലീസ് മേധാവികളോട് കരുതലോടെയിരിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹൈദരാബാദ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് മതനിന്ദ പരത്തുന്ന പ്രസംഗങ്ങള്‍, പ്രകടനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയും കൃത്യമായി നിരീക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു വെള്ളിയാഴ്ച പ്രതിഷേധം നടത്തിയത്.

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്. ഡല്‍ഹി ജുമാ മസ്ജിദിന് സമീപമായിരുന്നു പ്രതിഷേധം നടത്തിയത്. അതേസമയം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഡല്‍ഹി മസ്ജിദ് ഇമാം അറിയിച്ചു. പരാമര്‍ശം വിവാദമാവുകയും പ്രതിഷേധം കനക്കുകയും ചെയ്തതിന് പിന്നാലെ വിവാദപരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയേയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തിരുന്നു.നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡല്‍, എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസി, മാധ്യമപ്രവര്‍ത്തക സബാ നഖ്വി, വിവാദ സന്യാസി യതി നരസിംഹാനന്ദ് തുടങ്ങി 32 പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.