വിവാഹം കഴിഞ്ഞ ഉടൻ തന്നെ വിഘ്നേഷ് ശിവൻ വിവാഹ ചിത്രം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.

ആരാധകർ കാത്തിരുന്ന വിവാഹ ചിത്രം പുറത്തു വന്നു. നയൻതാര-വിഘ്നേഷ് (Nayanthara-Vignesh Shivan wedding)വിവാഹ ചിത്രം പുറത്തായ ഉടനെ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. മഹാബലിപുരത്ത് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു നയൻതാരയും വിഘ്നേഷും വിവാഹിതരായത്.

ദൈവത്തിന്റെ കൃപയും മാതാപിതാക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും അനുഗ്രഹത്താലും നയൻതാരയെ വിവാഹം ചെയ്തെന്നാണ് വിക്കിയുടെ പോസ്റ്റ്. ഒപ്പം മനോഹരമായ ചിത്രവും.

രജനീകാന്താണ് വിഘ്നേഷ് ശിവന് താലിമാല നൽകിയതെന്നാണ് മറ്റൊരു റിപ്പോർട്ട്. വിവാഹത്തിന് ശേഷം താരങ്ങൾ രജനീകാന്തിന് അടുത്തെത്തി അനുഗ്രഹം വാങ്ങിയതായും സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വലിയ ഗ്ലാസ് മണ്ഡപമാണ് വിവാഹത്തിനായി ഒരുക്കിയത്. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാന് പുറമേ, രജനീകാന്ത്, വിജയ് സേതുപതി, വിജയ്, മണിരത്നം, ശിവകാർത്തികേയൻ, ആറ്റ്ലി തുടങ്ങി വമ്പൻ താരനിരയും വിവാഹത്തിന് എത്തിയിരുന്നു.

വിവാഹത്തിന് തൊട്ടുമുമ്പ് നയന്‍താരയ്ക്കായി എഴുതിയ കുറിപ്പ് വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ”ദൈവത്തോടും പ്രപഞ്ചത്തോടും ജീവിതത്തിൽ കടന്നുവന്ന ഓരോരുത്തരോടും നന്ദി പറയുന്നു. ആകസ്മികമായ ഓരോ നല്ല നിമിഷവും അനുഗ്രഹങ്ങളും അപ്രതീക്ഷിത സമാഗമങ്ങളും ജീവിതത്തെ കൂടുതൽ മനോഹരമാക്കി. എല്ലാത്തിനും ഞാൻ എന്റെ പ്രിയപ്പെട്ടവളോട്, നയൻതാരയോട് നന്ദി പറയുന്നു. തങ്കമേ വിവാഹമണ്ഡപത്തിലേക്ക് വധുവായി നീ എത്തുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുകയാണ്.– വിഘ്നേഷ് ശിവൻ കുറിച്ചു.

കനത്ത സുരക്ഷയാണ് വിവാഹ വേദിയിലും പരിസരത്തും ഒരുക്കിയത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. മാധ്യമങ്ങൾക്കും മഹാബലിപുരത്തെ ഇസിആർ റോഡിൽ പ്രവേശനമില്ല. നയൻ-വിക്കി വിവാഹത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. സ്ട്രീമിങ്ങിന് മുമ്പ് വിവാഹത്തിന്റെ ഫൂട്ടേജുകളൊന്നും പുറത്തു പോകാതിരിക്കാൻ കർശന നിയന്ത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.