ദില്ലി: അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഉറപ്പായ സാഹചര്യത്തില്‍ പ്രതിപക്ഷം കരുത്ത് തെളിയിക്കാനുള്ള നീക്കത്തിലാണ്. ഒരിക്കല്‍ കൂടി സോണിയാ ഗാന്ധി തന്റെ രാഷ്ട്രീയ ചാണക്യതന്ത്രം പുറത്തെടുത്തിരിക്കുകയാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സോണിയ പ്രതിപക്ഷ നേതാക്കളെ സമീപിച്ചിരിക്കുകയാണ്.

സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ നിര്‍ത്താനാണ് പ്ലാന്‍. മമത ബാനര്‍ജി അടക്കം ഇക്കൂട്ടത്തിലുണ്ട്. ബിജെപിയെ എളുപ്പത്തില്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. സോണിയ വിളിച്ചതോടെ പ്രതിപക്ഷ നിരയ സമീപനം തന്നെ മാറ്റിയിട്ടുണ്ട്.

സോണിയാ ഗാന്ധി നിലവില്‍ കൊവിഡ് ബാധിതയാണെങ്കിലും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ ഈ സമയം ഉപയോഗപ്പെടുത്തുകയാണ് അവര്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവരെയാണ് സോണിയ നേരിട്ട് വിളിച്ചിരിക്കുന്നത്. ഇവരോട് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യമാണ് അറിയിച്ചത്. എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ സമ്മതമാണ്. സമാജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും പിന്തുണ ഇനി കോണ്‍ഗ്രസിന് ആവശ്യമാണ്. പ്രതിപക്ഷ നിരയിലെ വലിയ പാര്‍ട്ടി എന്ന നിലയിലുള്ള കരുത്ത് കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുകയാണ്.

അതേസമയം സോണിയ കൊവിഡ് ബാധിതയായത് കൊണ്ട് അവര്‍ ഇക്കാര്യത്തിനായി പ്രമുഖരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്കാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളെ കണ്ടെത്താനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ഖാര്‍ഗെ മുംബൈയിലെത്തി പവാറിനെ കണ്ടിട്ടുണ്ട്. പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ്. അദ്ദേഹം തന്നെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവുമോ എന്നാണ് വലിയ അഭ്യൂഹമുള്ളത്. പവാറാണെങ്കില്‍ കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും പിന്തുണയ്ക്കാനും തയ്യാറാണ്. എന്‍ഡിഎയില്‍ നിന്നുള്ള വോട്ടുകളും, സ്വതന്ത്രരെയും ഒപ്പം ചേര്‍ക്കാന്‍ ഇതിലൂടെ സാധിച്ചേക്കും.

പക്ഷേ അതിന് മുമ്പ് കോണ്‍ഗ്രസിനുമായി അത്ര രസത്തില്‍ അല്ലാത്തവരെയാണ് കൂടെ ചേര്‍ക്കാനുള്ളത്. ബിജു ജനതാദളുമായി ചര്‍ച്ചകള്‍ നടക്കും. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവരെയും കോണ്‍ഗ്രസ് സമീപിക്കും. ഇതില്‍ വൈഎസ്ആര്‍സിപി ബിജെപിയെ എപ്പോഴും സഹായിക്കുന്നവരാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിറയെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുന്നതും, ദുര്‍ബലമായതും പ്രതിപക്ഷ നിരയില്‍ അവര്‍ക്ക് വിലയില്ലാതാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇതര നേതാവിനെ മാത്രമേ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഇവര്‍ അംഗീകരിക്കൂ. ഇത് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായിരിക്കും.

മല്ലികാര്‍ജുന്‍ ഗാര്‍ഗെ ഇനി ഡിഎംകെയുമായി തൃണമൂല്‍ കോണ്‍ഗ്രസുമായി സംസാരിക്കും. ഡിഎംകെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് സാധ്യത. എല്ലാവര്‍ക്കും യോജിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് ശ്രമം. തൃണമൂല്‍ പിടിവാശി കാണിക്കില്ലെന്നാണ് സൂചന. ബിജെഡി, വൈഎസ്ആര്‍സിപി, ടിആര്‍എസ് എന്നിവരുടെ പിന്തുണ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കെസിആര്‍ ഉറപ്പായും പ്രതിപക്ഷത്തെ പിന്തുണയ്ക്കും. എന്നാല്‍ ബാക്കി രണ്ടുള്ളവരുടെ കാര്യം ഇപ്പോഴും ഉറപ്പില്ല. പക്ഷേ കോണ്‍ഗ്രസുമായി അത്ര രസത്തില്‍ അല്ല കെസിആര്‍. പക്ഷേ നിലവില്‍ ബിജെപിയാണ് അദ്ദേഹത്തിന്റെ മുഖ്യ ശത്രു.

പുതിയ കാര്യങ്ങള്‍ കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥി തന്നെ വരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഏതെങ്കിലും പ്രമുഖ വ്യക്തി തന്നെ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ശരത് പവാറിനാണ് സമ്മര്‍ദം കൂടുതല്‍. അതല്ലെങ്കില്‍ ദളിത് സ്ഥാനാര്‍ത്ഥി എന്നതാണ് നയം. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മതേതര നിലപാടും, പുരോഗമന കാഴ്ച്ചപ്പാടുമുള്ള വ്യക്തിയായിരിക്കണമെന്ന് സിപിഐയുടെ ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട്. ഇതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളതെന്നും വിശ്വം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായാല്‍ അത് ബിജെപിക്ക് ശരിക്കും വെല്ലുവിളിയാവും. ബിജെഡി അടക്കമുള്ളവരെ അനുനയിപ്പിക്കാന്‍ മമതയോ പവാറോ ഇറങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്.