തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും ഷാജ് കിരണും നടത്തിയ വെളിപ്പെടുത്തലുകളില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി വി ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടി വി അഭിമുഖത്തില്‍ സ്വപ്ന സുരേഷ്, ഷാജ് കിരണ്‍ എന്നിവര്‍ പറഞ്ഞ കാര്യങ്ങള്‍ നികേഷ് കുമാര്‍ നിഷേധിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ എന്നതിന് അപ്പുറം സ്വര്‍ണ കടത്ത് കേസുമായി ഒരു ബന്ധവുമില്ലെന്ന് നികേഷ് കുമാര്‍ പറയുന്നു. ഷാജ് കിരണ്‍ തന്നെ വിളിച്ചിരുന്നു എന്നും എന്നാല്‍ എടുക്കാന്‍ പറ്റിയില്ല എന്നും നികേഷ് കുമാര്‍ പറയുന്നു. ഇതിനിടെ രാത്രി ‘സര്‍ വെരി അര്‍ജെന്റ്’ എന്നും ‘ഇമ്പോര്‍ട്ടന്റ് മാറ്റര്‍ സ്വപ്ന കേസ്’ എന്നുമുള്ള രണ്ട് മെസേജ് അയച്ചു എന്നാണ് നികേഷ് പറയുന്നത്.

ഇതിന് പിന്നാലെ ഒന്‍പത് മണി കഴിഞ്ഞ് ഷാജ് കിരണിനെ തിരിച്ചു വിളിച്ചു എന്നാണ് നികേഷ് പറയുന്നത്. ‘സ്വപ്നാ സുരേഷ് വിഷയം നമ്മള്‍ പുറത്തു കേള്‍ക്കുന്നതൊന്നും അല്ല. അവരെ എച്ച് ആര്‍ ഡി എസ് തടങ്കലില്‍ വെച്ചിരിക്കുകയാണ് എന്നാണ് ഷാജ് കിരണ്‍ തന്നോട് പറഞ്ഞത് എന്ന് നികേഷ് പറയുന്നു.

സ്വപ്‌ന സുരേഷ് ആത്മഹത്യാ മുനമ്പില്‍ ആണെന്നും താന്‍ അവരുടെ ഒരു ഇന്റര്‍വ്യൂ എടുക്കണം എന്നും ഷാജ് പറഞ്ഞു എന്ന് നികേഷ് വ്യക്തമാക്കി. എന്നാല്‍ എച്ച് ആര്‍ ഡി എസിലെ ആള്‍ക്കൂട്ടത്തെക്കുറിച്ച് അറിയാവുന്നത് ആളുകള്‍ ചുറ്റും കൂടി നിന്നുള്ള ഇന്റര്‍വ്യൂ എടുക്കാം എന്നും അതിന് തയ്യാറാണോ എന്നും ഞാന്‍ തിരിച്ചു ചോദിച്ചു. എന്നാല്‍ ഇത് പല കാരണങ്ങളാല്‍ നടന്നില്ല എന്നും ഇതിനിടയില്‍ ഷാജ് തന്നെ ഇന്റര്‍വ്യൂവിന് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു എന്നും നികേഷ് പറയുന്നു.

വൈകീട്ട് സ്വപ്നയുടെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ തനിക്ക് ഇതിന്റെ തിരക്കഥ സംബന്ധിച്ച് സംശയം വന്നുവെന്നും നികേഷ് കുമാര്‍ പറഞ്ഞു. ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് തന്നെ അവിടെ എത്തിച്ച് പുതിയ ഒരു തിരക്കഥ സൃഷ്ടിക്കാന്‍ ശ്രമിച്ചോ എന്നും ഒരു ബലം കിട്ടാന്‍ സ്വപ്നയുടെ മുന്‍പില്‍ ഷാജ് കിരണ്‍ വായില്‍ തോന്നുന്നത് പറഞ്ഞിട്ടുണ്ടോ എന്നും തനിക്ക് സംശയമുണ്ടെന്നും നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടായാലും തന്റെ പേര് രണ്ടു പേരില്‍ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ അവരെ വിടില്ലെന്നും ഏതറ്റം വരെയും പോകും എന്നും നികേഷ് കുമാര്‍ പറഞ്ഞു.

സ്വപ്നാ സുരേഷിനെ താന്‍ ഒരിക്കലും ഫോണില്‍ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല എന്നും നികേഷ് കുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശബ്ദമാണ് നികേഷ് കുമാര്‍, ഫോണ്‍ നികേഷ് കുമാറിന് കൊടുക്കണം എന്നെല്ലാം ഷാജ് കിരണ്‍ പറഞ്ഞെന്ന സ്വപ്‌നയുടെ പരാമര്‍ശം എന്തുകൊണ്ടാണെന്ന് അറിയാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ കയ്യില്‍ സ്വപ്നയുടെ ഫോണ്‍ കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഷാജിക്ക് തല്ലു കൊള്ളാത്തതിന്റെ കുഴപ്പമുണ്ട് എന്നും നികേഷ് പറഞ്ഞു.

അത് സംബന്ധിച്ച് സ്വപ്ന സുരേഷ് പുറത്തുവിടുന്ന ശബ്ദരേഖയ്ക്ക് ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല എന്നും എന്നാല്‍ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ട് എന്നും നികേഷ് കുമാര്‍ പറഞ്ഞു.ഇന്ത്യാവിഷനില്‍ താന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയിരിക്കുന്ന ഘട്ടത്തില്‍ ട്രെയ്നി ആയി വന്ന ആളാണ് ഷാജ് കിരണ്‍ എന്നും പിന്നീട് അദ്ദേഹം രാജിവെച്ച് ഏഷ്യാനെറ്റില്‍ പോയി എന്നും നികേഷ് കുമാര്‍ വ്യക്തമാക്കി.

തന്നെ സംബന്ധിച്ചിടത്തോളം ഇടുന്ന വസ്ത്രം അല്ലാതെ സ്വന്തമായി സമ്പാദ്യം ഇല്ലാത്ത ആള്‍ ആണ് താനെന്നും വീടോ കാറോ സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും നികേഷ് കുമാര്‍ പറഞ്ഞു. തന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ സ്വപ്നയേയോ ഷാജിനെയോ അനുവദിക്കില്ല. തന്റെ പേര് സ്വപ്നയുടെ മുന്നില്‍ ആളാകാന്‍ ദുരുപയോഗിച്ചിട്ടുണ്ട് എങ്കില്‍ ഷാജ് കിരണ്‍ ദുഖിക്കുമെന്നും തനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണെന്നും അത് തട്ടിക്കളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.