ഡൽഹി; ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയും ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ടിൽ തിരുത്ത് വരുത്തിയതായി സൂചന. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കൂടിക്കാഴ്ചയെ സംബന്ധിച്ചുള്ള കുറിപ്പിൽ ചില ഭാ ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയവരെ പാഠം പഠിപ്പിക്കുമെന്ന് ഡോവൽ പറഞ്ഞതായുളള ഭാ ഗങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ നീക്കം ചെയ്തിരിക്കുകയാണ്.

വ്യാഴാഴ്ചയായിരുന്നു ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അടുത്തിടെ മന്ത്രിയായി അധികാരമേറ്റ ഹുസൈൻ അമീർ അബ്ദുള്ളാഹിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണ് ഇത്. വിദേശകാര്യ മന്ത്രി ജയശങ്കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ ബിജെപി വക്താക്കളുടെ നബി വിരുദ്ധ പ്രസ്താവന വിവാദമായി നിൽക്കവേയാണ് അമീറിന്റെ ഇന്ത്യ സന്ദർശനം. വിവാദത്തിൽ നിരവധി ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. ഇറാനും വലിയ തോതിൽ ഈ പ്രസ്താവനയെ വിമർശിച്ചിരുന്നു.

“നമ്മുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രധാനമന്ത്രി മോദി, ജയ്ശങ്കർ, മറ്റ് ഇന്ത്യൻ ഉദ്യോഗസ്ഥർ എന്നിവരെ കണ്ടതിൽ സന്തോഷമുണ്ട്. ദൈവിക മതങ്ങളെയും ഇസ്ലാമിക വിശുദ്ധികളെയും ബഹുമാനിക്കേണ്ടതിന്റെയും വിഭജന പ്രസ്താവനകൾ ഒഴിവാക്കുന്നതിന്റെയും ആവശ്യകതയിൽ ടെഹ്‌റാനും ന്യൂഡൽഹിയും യോജിക്കുന്നു. ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ തീരുമാനിച്ചു,” യോഗത്തിന് ശേഷം ഹുസൈൻ ട്വീറ്റ് ചെയ്തു. അതേ സമയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചർച്ചയിൽ ഒരിക്കലും പ്രവാചക പരാമർശം ഉയർന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. “വിവാദ പരാമർശം നടത്തിയവർക്കെതിരെ ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് നടപടിയെടുത്തിട്ടുണ്ട്. ഞാൻ ഇതിനെക്കുറിച്ച് കൂടുതലായി ഒന്നും പറയാനില്ല,” ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രവാചകനോടുള്ള അനാദരവ് മൂലമാണ് ചിലർ നിഷേധാത്മക പ്രസ്താവനകൾ ഇറക്കിയതെന്നും നബിയോട് ഇന്ത്യൻ സർക്കാരിന് ബഹുമാനം ഉണ്ടെന്ന് ഇന്ത്യൻ സർക്കാർ പറഞ്ഞതായി ഹുസൈൻ പറഞ്ഞുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ വിവിധ മതങ്ങളുടെ അനുയായികൾ തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തെക്കുറിച്ചും ഇറാൻ വിദേശകാര്യ മന്ത്രി പരാമർശിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ നിലപാടിൽ മുസ്ലീങ്ങൾ തൃപ്തരാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രവാചകനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ബിജെപി ദേശീയ വക്താവ് നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും പാർട്ടിയുടെ ഡൽഹി യൂണിറ്റ് മീഡിയ ഹെഡ് നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.