ലഖ്നൗ: ഉത്തർ പ്രദേശിൽ മൂന്ന് മുസ്ലിം മത വിശ്വാസികളെ ഏത്തം ഇടീപ്പിച്ച് ജയ് ശ്രീറാം എന്ന് നിർബന്ധിപ്പിച്ച് വിളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഖാർഗുപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശവാസികൾ ഇവരെ വളയുകയും അവരുടെ അധാർ കാർ‍ഡ് ആവശ്യപ്പെടുകയും ചെയ്തു. ഇനി ഒരിക്കലും ഈ ഗ്രാമത്തിൽ പ്രവേശിക്കരുതെന്ന മുന്നറിയിപ്പും നൽകിയതിന് ശേഷമാണ് ഇവരെ ഗ്രാമത്തിൽ നിന്ന് പോകാൻ അനുവദിച്ചത്.

ഈ മുസ്ലിം വിശ്വാസികൾ നിരവധി തവണ ആവർത്തിച്ച് മാപ്പ് പറയുകയും ചെയ്തു. അതേ സമയം വീഡിയോ വൈറലായതിനെ തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്തിട്ടും ഉണ്ടെന്ന് പോലീസ് അറിയിച്ചു. ക്ഷുഭിതനായ ഒരു ചെറുപ്പക്കാരനാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഇയാൾ നിരവധി തവണ ഈ വിശ്വാസികൾക്കെതിരെ അസഭ്യവർഷവും ചൊരുഞ്ഞു. അതേ സമയം ഇവിടെ വന്ന മുസ്ലീം വിശ്വാസികൾ ആരായിരുന്നു എന്നും അവർ എന്തിനാണ് ഈ ഗ്രാമത്തിൽ എത്തിയത് എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

മുൻ ബിജെപി വക്താക്കളായ നൂപുർ ശർമ്മയുടെയും നവിൻ കുമാർ ജിൻഡലിന്റെയും പ്രവാചക വിരുദ്ധ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കെതിരെ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം ങ്ങൾക്കെതിരെയുള്ള ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഇന്തോനേഷ്യ, ജോർദാൻ, ബഹ്‌റൈൻ, മാലിദ്വീപ്, മലേഷ്യ, ഒമാൻ, ഇറാഖ്, ലിബിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ നൂപുർ ശർമ്മയുടെ പ്രസ്താവനയെ അപലപിക്കുകയും നിരവധി ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പരാമർശത്തിന്റെ പേരിൽ ബിജെപി ദേശീയ വക്താവ് നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും പാർട്ടിയുടെ ഡൽഹി യൂണിറ്റ് മീഡിയ ഹെഡ് നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.

നേരത്തേയും ഇത്തരത്തിൽ മറ്റ് മതവിശ്വാസികളെക്കൊണ്ട് നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത കാലത്തെ പല വിശേഷ ദിവസങ്ങളിലും മതത്തിന്റെ പേരിൽ രാജ്യത്ത് തർക്കം ഉണ്ടായിരുന്നു. രാമനവമി, റംസാൻ, ഹനുമാൻ ജയന്തി തുടങ്ങിയ ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാ ഗങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ഉച്ചഭാഷിണികൾ വഴിയുള്ള പ്രാർത്ഥനകൾ റോഡുകളിലെ നിസ്ക്കാരം എന്നിവക്കെതിരെയും വാർത്തകൾ ചില സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.