കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. കോഴിക്കോടും കണ്ണൂരും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്തും സംഘർഷം റിപ്പോർട്ട് ചെയ്തു.കൊല്ലത്ത് ആർവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ സംഘർഷം നടന്നു. പോലീസുകാരനും ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു.

അതേസമയം, യുവ മോർച്ചാ മാർച്ചിലും സംഘർഷം ഉണ്ടായി. യുവമോർച്ച പ്രവർത്തകർ കൊല്ലം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസും യുവമോർച്ചാ പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും നടന്നു.

കൊല്ലം കെഎസ്ആർടിസി ജംഗ്ഷനിൽ യുവമോർച്ച പ്രവർത്തകർ രോഡ് ഉപരോധിക്കുകയാണ്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാസർഗോഡ് പ്രതിഷേധക്കാർ ബിരിയാണിച്ചെമ്പ് കളക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞു. കോട്ടയത്തും പ്രതിഷേധം നടക്കുന്നുണ്ട്. കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകൾ കഴിഞ്ഞദിവസങ്ങളിലും പ്രതിഷേധിച്ചിരുന്നു. വിവിധ കലക്ടറേറ്റുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുന്നുണ്ട്.

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകൾക്കുമെതിരെ ര​ഹസ്യമൊഴി നൽകിയിരുന്നു. സ്വപ്ന തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ സ്വർണക്കടത്ത് കേസ് വീണ്ടും ചർച്ചയിലെത്തി. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. രഹസ്യ മൊഴി മാറ്റണമെന്ന് ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരൺ എന്നയാൾ തന്നെ കാണാൻ വന്നിരുന്നെന്നും മൊഴിമാറ്റി ഇക്കാര്യം സോഷ്യൽ മീഡിയയിലുടെ പറണമെന്നും ആവശ്യപ്പെട്ടതായാണ് സ്വപ്ന പറഞ്ഞത്.

ഇയാൾ ഭീഷണിപ്പെടുത്തുന്ന ശബ്ദ രേഖ കയ്യിലുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് ഷാജ് കിരൺ രം​ഗത്തെത്തി. തനിക്ക് മുഖ്യമന്ത്രിയെ അറിയില്ലെന്ന് ഇയാൾ പറഞ്ഞു. സ്വപ്ന തന്റെ സുഹൃത്താണെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു.
സ്വപ്ന വിളച്ചതുകൊണ്ടാണ് താൻ പാലക്കാട് ചെന്നതെന്നും ഇയാൾ പറഞ്ഞിരുന്നു.
അതേസമയം, ഇന്ന് മൂന്ന് മണിക്ക് ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയ ശബ്ദരേഖ പുറത്തുവിടുമെന്ന് സ്വപ്ന പറഞ്ഞു.