ദില്ലി; രാജ്യസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിന് കളമൊരുങ്ങിയ മഹാരാഷ്ട്രയിൽ ഭരണ സഖ്യത്തിന് തിരിച്ചടി. അറസ്റ്റിലായ രണ്ട് നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ജാമ്യം അനുവദിക്കാനാകില്ലെന്ന കോടതി ഉത്തരവാണ് പ്രതിസന്ധിയായത്. എൻ സി പി എം എൽ എമാരായ നവാബ് മാലിക്കിനും അനിൽ ദേശ്മുഖിനുമാണ് ജാമ്യം ലഭിക്കാതിരുന്നത്. കള്ളപ്പണം വെളുപ്പിൽ കേസിലായിരുന്നു ഇരുവരും അറസ്റ്റിലായത്.

ഫെബ്രുവരിയിലായിരുന്നു നവാബ് മാലികിനെ കേസിൽ അറസ്റ്റ് ചെയ്തത്. അനിൽ ദേശ്മുഖം ജയിലിൽ തുടരുകയാണ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി തേടിയായിരുന്നു ഇരുവരും ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ നേതാക്കൾക്ക് ജാമ്യം നൽകുന്നതിനെ ഇ ഡി എതിർത്തു. ജയിൽപുള്ളികൾക്ക് വോട്ട് ചെയ്യുന്നതിന് അവകാശമില്ലെന്നായിരുന്നു ഇ ഡി വാദം. ഇ ഡിയുടെ വാദങ്ങൾ അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

രാജ്യസഭ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനാണ് മഹാരാഷ്ട്രയിൽ വഴിയൊരുങ്ങിയിരിക്കുന്നത്. ആറ് സീറ്റുകളിലാണ് ഒഴിവ്. ബി ജെ പി ക്ക് രണ്ടും ഭരണമുന്നണിയിലെ ശിവസേന, എൻ സി പി, കോൺഗ്രസ് എന്നിവയ്ക്ക് ഓരോന്നു വീതവും വിജയിക്കാം. ആറാം സീറ്റിലേക്ക് ശിവസേനയും ബി ജെ പിയും സ്ഥാനാർത്ഥികളെ ഇറക്കിയതോടെയാണ് മത്സരം കടുത്തത്. പീയൂഷ് ഗോയൽ, അനിൽ ബോന്ദെ (ബി ജെ പി), സഞ്ജയ് റൗത്ത് (ശിവസേന), പ്രഫുൽ പട്ടേൽ (എൻ സി പി), ഇമ്രാൻ പ്രതാപ്ഗഡി (കോൺഗ്രസ്) എന്നിവരാണ് സ്ഥാനാർത്ഥികൾ.

ആറാം സീറ്റിലേക്ക് ബി ജെ പി ധനഞ്ജയ് മഹാദിക്കിനേയും ശിവസേന സഞ്ജയ് പവാറിനേയും മത്സരിപ്പിച്ചതോടെയാണ് മത്സരം കടുത്തത്. നിലവിലെ അംഗ സംഖ്യ അനുസരിച്ച് ഒരാൾക്ക് വിജയിക്കാൻ 42 എം എൽ എമാരുടെ പിന്തുണയാണ് ആവശ്യം. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ചെറിയ പാർട്ടികൾക്ക് 16 എം എൽ എമാരാണ് ഉള്ളത്. സ്വതന്ത്രരുടെ എണ്ണം 13 ആണ്. ബി ജെ പിക്ക് 106 എം എൽ എമാരുടെ പിന്തുണയാണ് ഉള്ളത്.

ചെറുപാർട്ടികളും സ്വതന്ത്രരും തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകും. മൂന്നാം സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെങ്കിൽ ബി ജെ പിക്ക് ഇനി 19 പേരുടെ പിന്തുണ കൂടി ആവശ്യമാണ്. തങ്ങൾക്ക് 7 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന് ബി ജെ പി അവകാശപ്പെടുന്നത്. 13 പേരുടെ കൂടി പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ മൂന്നാം സീറ്റിലെ വിജയം സാധ്യമാകു. ഈ സാഹചര്യത്തിൽ ബി ജെ പി കുതിരക്കച്ചവടത്തിന് മുതിർന്നേക്കുമെന്ന ആശങ്ക ഭരണകക്ഷിക്കുണ്ട്. ഇതോടെ തങ്ങളുടെ നേതാക്കളെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോൺഗ്രസും എൻ സി പിയും. ഭരണകക്ഷിയായ ശിവസേനയെ സംബന്ധിച്ചെടുത്തോളം മൂന്നാം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ 16 പേരുടെ പിന്തുണ വേണം. നിലവിൽ 26 വോട്ടുകളാണ് ശിവസേനയ്ക്ക് അധികമായി ഉള്ളത്.

അതേസമയം മഹാരാഷ്ട്രയ്ക്ക് സമാനമായി കടുത്ത മത്സരമാണ് ഹരിയാന, രാജസ്ഥാൻ, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലും നടക്കുന്നത്. കർണാടകയിലും രാജസ്ഥാനിലും നാല് വീതം സീറ്റുകളിലേക്കും ഹരിയാനയിൽ രണ്ട് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ കുതിരക്കച്ചവട ഭീതിയിൽ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.