ഡൽഹി: പ്രകോപനപരമായ പരാമർശങ്ങളുടെ പേരിൽ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. ഒവൈസിക്ക് പുറമെ നിരവധി പ്രമുഖർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാചകനെതിരായ പ്രസ്താനയിൽ ബിജെപി പുറത്താക്കിയ മീഡിയ യൂണിറ്റ് തലവൻ നവീൻ കുമാർ ജിൻഡാൽ, പീസ് പാർട്ടിയുടെ മുഖ്യ വക്താവ് ഷദാബ് ചൗഹാൻ, മാധ്യമപ്രവർത്തക സബ നഖ്‌വി എന്നിവരാണ് കേസ് ചുമത്തപ്പെട്ടവരിൽ പ്രമുഖർ. പ്രവാചകനെതിരെ ബിജെപി വക്താക്കളുടെ പ്രസ്താന വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുൻ പാണ്ഡെ, രാജസ്ഥാനിൽ നിന്നുള്ള മൗലാന മുഫ്തി നദീം, അബ്ദുർ റഹ്മാൻ, അനിൽകുമാർ മീണ, ഗുൽസാർ അൻസാരി എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കും മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും എതിരെ സമാനമായ വകുപ്പുകൾ പ്രകാരം രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. സെക്ഷൻ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക), 295 (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരാധനാലയത്തെ മുറിവേൽപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക), 505 (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് നൂപുർ ശർമ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിവിധ ഗ്രൂപ്പുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും രാജ്യത്ത് പൊതു സമാധാനം നിലനിർത്തുന്നതിന് ഹാനികരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതിനും ആണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) യൂണിറ്റ് ഇവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. മതങ്ങളെ മറികടന്ന് നിരവധി വ്യക്തികൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഐഎഫ്എസ്ഒ) കെപിഎസ് മൽഹോത്ര പറഞ്ഞു. സംഭവത്തിൽ വിവിധ സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെ പങ്കും യൂണിറ്റ് അന്വേഷിക്കും എന്നും മൽഹോത്ര പറഞ്ഞു.

നുപൂർ ശർമ്മയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പരാമർശം വിവാദമായതിനെ തുടർന്ന് നിരവധി ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രസ്താവനകൾ സൂക്ഷിച്ച് മാത്രം ഉപയോ ഗിക്കണം എന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുത്തവരെ മാത്രമാണ് ചാനൽ ചർച്ചകളിൽ അനുവദിക്കു. മത വിദ്വേഷങ്ങൾ പറയരുതെന്നും സർക്കാരിന്റെ നേട്ടങ്ങൾ മാത്രം പറഞ്ഞാൽ മതി എന്നുമാണ് ബിജെപി നേതാക്കളേയും പ്രവർത്തകരേയും അറിയിച്ചിരിക്കുന്നത്.