കോഴിക്കോട്: രാജ്യത്തെ മുഴുവന്‍ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ഭൂമി ബഫര്‍ സോണാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി കേരളത്തിന്റെ മലയോര മേഖലയില്‍ വലിയ ആശങ്കയാണ് നിറച്ചിരിക്കുന്നത്. കർഷകരുടെ ജീവനോപാധികളെ വരെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് വനാതിർത്തികളില്‍ താമസിക്കുന്നവരുടെ ജീവിതം കൂടുതല്‍ ദുഷകരമാക്കി മാറ്റുമെന്നാണ് കർഷക സംഘടനകള്‍ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തിലാണ് ബഫർ സോണ്‍ ഉയർത്തുന്ന വെല്ലുവിളികള്‍ കർഷകർ മുന്നോട്ട് വെക്കുന്ന പരിഹാര മാർഗ്ഗങ്ങള്‍ എന്നിവ സംബന്ധിച്ച് കർഷക സംഘടനയായ വീ ഫാം സംസ്ഥാന സെക്രട്ടറി സുമിൻ എസ്. നെടുങ്ങാടൻ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുന്നത്..

ബഫര്‍ സോണ്‍ സംബന്ധിച്ച് സുപ്രീംകോടതി മുന്നോട്ട് വെച്ചിരിക്കുന്ന നിർദ്ദേശം ചുരുക്കത്തില്‍ എന്താണ്?

രാജ്യത്ത് ആകെ 617 വന്യജീവി സങ്കേതങ്ങളാണ് ഉള്ളത്. ഈ സങ്കേതങ്ങള്‍ക്കെല്ലാം ചുറ്റുമായി ഒരു കിലോമീറ്റർ ബഫർ സോണ്‍, അതായത് എക്കോ സെന്‍സിറ്റിവ് സോണായി പ്രഖ്യാപിക്കണമെന്നാണ് ജൂണ്‍ 3 ന് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. വിഷയത്തില്‍ താല്‍ക്കാലിക ഉത്തരവാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ തന്നെ അതത് സംസ്ഥാന സർക്കാറുകള്‍ ഒരു കിലോമീറ്റർ ചുറ്റളവിനുള്ള സ്ഥലത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നും നിർദേശമുണ്ട്. ഈ സ്ഥലപരിധിക്ക് ഉള്ളില്‍ വരുന്ന വീട് ഉള്‍പ്പടേയുള്ള കെട്ടിടങ്ങള്‍, നിർമ്മാണ പ്രവർത്തനങ്ങള്‍ തുടങ്ങിയ മുഴുവന്‍ കാര്യങ്ങളുടേയും കണക്കുകളാണ് സംസ്ഥാനങ്ങള്‍ കോടതിയെ അറിയിക്കേണ്ടത്.

ഉത്തരവ് മലയോര മേഖലയെ എങ്ങനെ ബാധിക്കുന്നു

ആകെ 24 വന്യജീവി സങ്കേതങ്ങളാണ് കേരളത്തിലുള്ളത്. ഏകദേശം എട്ട് ലക്ഷം ഏക്കർ ഭൂമിയിലായിട്ട് ഇവ നിലകൊള്ളുന്നു. ഈ ഭൂമിയില്‍ നിന്നും ഒരു കിലോമീറ്റർ വീതം ബഫർ സോണ്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ഏകദേശം നാല് ലക്ഷം ഏക്കറിലധികം ഭൂമി ബഫർ സോണിന് അകത്ത് വരും. സ്വകാര്യഭൂമിയും റവന്യൂ ഭൂമിയും ഇതില്‍ ഉള്‍പ്പെടും. നിരോധിക്കേണ്ടവ, നിയന്ത്രിക്കേണ്ടവ, പ്രോല്‍സാഹിപ്പിക്കേണ്ടവ എന്നിങ്ങനെ മൂന്ന് തരത്തിലായിട്ടാണ് ബഫർ സോണിലെ പ്രവർത്തനങ്ങളെ പട്ടികപ്പെടുത്തിയിട്ടുള്ളത്.

ഖനനം, വലിയതോതില്‍ മാലിന്യം പുറംതള്ളുന്ന വ്യവസായങ്ങള്‍ തുടങ്ങിയവയാണ് നിരോധിക്കേണ്ടവയില്‍ വരുന്നത്. ഈ ഒരു നിർദേശത്തോട് ഞങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള എതിർപ്പും ഇല്ല. ഈ മേഖലകളിലെ പാറമടകളും മലിനീകരണത്തിന് കാരണമാവുന്ന വ്യവസായങ്ങളുമൊക്കെ നിരോധിക്കേണ്ടതാണ്. എന്നാല്‍ നിയന്ത്രിക്കേണ്ട കാര്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയ കാര്യങ്ങള്‍ സംബന്ധിച്ചാണ് കർഷകർക്ക് എതിരഭിപ്രായം ഉള്ളത്. പ്രദേശത്തെ സാധാരണക്കാരായ ജീവനോപാധിയുടെ മുകളിലേക്കുള്ള കടന്ന് കയറ്റമാണ് അത്.

കൃഷിയെ സംബന്ധിച്ചാണ് പ്രധാനമായും നിയന്ത്രിക്കേണ്ടവയില്‍ പറഞ്ഞിട്ടുള്ളത്. തദ്ദേശീയരായ ആളുകള്‍ക്ക് അവരുടെ ആവശ്യത്തിന് വേണ്ടി മാത്രമുള്ള കൃഷി ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിർദേശം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഈ മേഖലയിലുള്ള ആളുകള്‍ അവരുടെ ഉപയോഗത്തിന് മാത്രം വേണ്ടിയുള്ള സാധനങ്ങളല്ല കൃഷി ചെയ്യുന്നത്. തേങ്ങയും കാച്ചിലും ചേമ്പും കുരുമുളകുമൊക്കെയായാലും അവർ ഉത്പാദിപ്പിക്കുന്നതില്‍ ആവശ്യമുള്ളത് മാത്രം എടുത്ത് ബാക്കിയുള്ളവ വിപണിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് അവരുടെ ജീവിതം കഴിഞ്ഞ് പോവുന്നത്. നിലവിലെ നിർദേശം നടപ്പിലായാല്‍ ബഫർ സോണ്‍ മേഖലയില്‍ താമസിക്കുന്ന ആളുകള്‍ക്ക് അവരുടെ ആവശ്യത്തിനുള്ള വസ്തുക്കള്‍ മാത്രമേ കൃഷി ചെയ്യാന്‍ സാധിക്കുകയുള്ളു എന്ന സാഹചര്യം വരും. ഇതോടെ അവരുടെ വരുമാനം മാർഗ്ഗം പൂർണ്ണമായും നിലയ്ക്കും. ഇതില്‍ നിന്നും എന്തെങ്കിലും ഇളവ് ലഭിക്കണമെങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതി വേണം.

ഒരു തരത്തിലുള്ള മരവും മുറിച്ച് വില്‍പ്പന നടത്താന്‍ പാടില്ലെന്ന നിർദ്ദേശവുമുണ്ട്. കേബിള്‍ ടിവി കണക്ഷന്‍, റോഡ് ടാറിങ്, വൈദ്യുതി, നിർമ്മാണ പ്രവർത്തനങ്ങള്‍ തുടങ്ങിയവയ്ക്കും പതിയെ നിയന്ത്രണം വരുന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങള്‍ എന്ന് പറയുന്നതില്‍ വീട് അടക്കം വരും. താല്‍ക്കാലികമായ പാർപ്പിടങ്ങള്‍ക്ക് മാത്രമായിരിക്കും പിന്നീട് ഈ മേഖലയില്‍ അനുമതിയുണ്ടാവുക.

വിഷയത്തില്‍ കർഷകർ മുന്നോട്ട് വെക്കുന്ന പരിഹാര മാർഗ്ഗങ്ങള്‍ എന്തൊക്കെയാണ്?

ക്വാറി, മാലിന്യം പുറം തള്ളുന്ന വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി നിരോധിക്കേണ്ടവയുടെ പട്ടികയിലുള്ള കാര്യങ്ങളില്‍ കർഷകർക്ക് എതിരഭിപ്രായം ഇല്ല. എന്നാല്‍ കർഷകരുടെ ഭൂമിയിലേക്ക് കയറി നിയന്ത്രിക്കേണ്ടവയേക്കുറിച്ച് പറയുന്നിടത്താണ് പ്രയാസമുള്ള കാര്യങ്ങളുള്ളത്. നിയന്ത്രിക്കേണ്ടവയില്‍ യാതൊരു കാരണവശാലും കൃഷിയെ ദോഷമായി ബാധിക്കുന്ന കാര്യങ്ങള്‍ പാടില്ല. രണ്ടാമതായി വീട്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ തുടങ്ങിയ നിർമ്മിക്കുന്നതിനും തടസ്സം പാടില്ല. വൈദ്യുതി അടക്കം മനുഷ്യന് ആവശ്യമായ എല്ലാ കാര്യങ്ങളും ഈ മേഖലയിലുള്ളവർക്ക് എല്ലാ കാലത്തും ലഭ്യമായിരിക്കുകയും വേണം.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടല്‍ എങ്ങനെ?

2011 ലാണ് ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ കേന്ദ്ര സർക്കാർ തുടങ്ങിയത്. 2016 ല്‍ സംസ്ഥാന സർക്കാർ കൊടുത്ത പ്രൊപ്പോസല്‍ 2018 ല്‍ കരട് വിജ്ഞാപനമായി ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഇതിന്റെ കാലാവധി കഴിഞ്ഞതോടെ 2022 ല്‍ വീണ്ടും വിജ്ഞാപനം ഇറക്കുകയായിരുന്നു. സംസ്ഥാന സർക്കാർ കൊടുത്ത നിർദ്ദേശത്തില്‍ പൂജ്യം മുതല്‍ ഒരു കിലോമീറ്റർ വരെ ബഫർ സോണ്‍ എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, താഴെത്തട്ടിലുള്ള ഒരു സർവേയോ മാപ്പിങ്ങോ നടത്തിയിട്ടല്ല കേന്ദ്ര, സംസ്ഥാന സർക്കാറുകള്‍ ഇക്കാര്യങ്ങള്‍ ചെയ്തത് എന്നതാണ് പ്രധാന പ്രശ്നം. ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന സർവ്വേയും മാപ്പുമൊക്കെയാണ് ഇതിനെല്ലാം ഉപയോഗിച്ചിരിക്കുന്നത്. വന്യ ജീവി സങ്കേതങ്ങള്‍ക്ക് പോലും കൃത്യമായ ഒരു മാപ്പിങ് കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ ഇതുവരെ നടത്തിയിട്ടില്ല. ഈ മേഖലയിലൊക്കെ എത്രയാളുകള്‍ താമസിക്കുന്നു, എത്ര വീടുകളുണ്ട് എന്നതടക്കമുള്ള അടിസ്ഥാനപരമായ വിവരശേഖരണം പോലും സർക്കാർ ഇതുവരെ നടത്തിയിട്ടില്ല.

സംഘടനയുടെ ഭാവി പ്രക്ഷോഭ പരിപാടികള്‍ എന്തൊക്കെയാണ്

സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവോടെ വിജ്ഞാപനം നിയമമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ റിവ്യൂ പെറ്റീഷന്‍ പോകുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ നീക്കം കൊണ്ട് വലിയ കാര്യം ഉണ്ടാവില്ലെന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്. കോടതിയിലെ നടപടികള്‍ക്ക് ഒരുപാട് സമയം എടുക്കും. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാറുകള്‍ ഈ വിഷയത്തില്‍ കൃത്യമായ നിയമനിർമ്മാണം നടത്തി കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാണ് വി ഫാം ഫാർമേഴ്സ് ഫൌണ്ടേഷന്‍റെ ആവശ്യം. അത്തരമൊരു നിലപാടിലേക്ക് സർക്കാറിനെ എത്തിക്കുന്നതിലേക്കുള്ള പ്രക്ഷോഭ പരിപാടികളായിരിക്കും സംഘടന സ്വീകരിക്കുക.