തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടക്കം സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് സരിത എസ് നായർ. എറണാകുളത്ത് വെച്ച് പിസി ജോർജും സ്വപ്നയും സരിത്തും അടക്കമുളളവർ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും സരിത പറയുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുളള പ്ലാൻ ആയിരുന്നുവെന്നും എന്നാൽ ചില കാരണങ്ങൾ കൊണ്ട് വൈകിപ്പോയതാണെന്നും സരിത എസ് നായർ പറയുന്നു. റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിലാണ് സരിതയുടെ പ്രതികരണം.

സരിത എസ് നായരുടെ വാക്കുകള്‍: ‘ ശിവശങ്കറിന്റെ പുസ്തകം പുറത്ത് വന്നതോടെയാണ് സ്വപ്‌ന രംഗത്ത് വരുന്നത്. അതിന് ശേഷമാണ് അവരും പിസി ജോര്‍ജും ബന്ധപ്പെടുന്നത്. തന്നെ ഫോണ്‍ വിളിച്ചതിന്റെ തലേ ദിവസം പോയി കണ്ടിരുന്നു. സ്വപ്‌ന വളരെ ദയനീയമായ അവസ്ഥയില്‍ ആണെന്നും അവര്‍ക്ക് ഒരു ജോലി തരപ്പെടുത്തി കൊടുക്കേണ്ട ആവശ്യമുണ്ടെന്നുമൊക്കെയാണ് തന്നോട് പറഞ്ഞത്.

എന്തെങ്കിലും വെളിപ്പെടുത്തലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നും വലിയ കാര്യങ്ങളാണ് എന്നും പറഞ്ഞു. സ്വപ്‌നയ്ക്ക് വേണ്ടി ജഡ്ജിയോട് സംസാരിച്ചുവെന്നും പേപ്പര്‍ വര്‍ക്കുകള്‍ നടക്കുകയാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു. എറണാകുളത്തുളള ഒരു മാധ്യമപ്രവര്‍ത്തകന്റെ ഓഫീസില്‍ വെച്ച് ഇവര്‍ കൂടിക്കാഴ്ച നടത്തി എന്നുളള കാര്യങ്ങള്‍ പിസി ജോര്‍ജ് തന്നെ പറഞ്ഞിട്ടുളളതാണ്. സ്വപ്‌ന മൂന്ന് പേപ്പറില്‍ എഴുതി തന്നിട്ടുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു.

താന്‍ ആവര്‍ത്തിച്ച് ചോദിക്കുന്നതിനാലാകും ചില കാര്യങ്ങള്‍ തന്നില്‍ നിന്ന് മറച്ച് വെക്കുന്നത് പോലെ തോന്നി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള അജണ്ട ആയാണ് തോന്നിയത്. എന്നാല്‍ പ്ലാന്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത തരത്തില്‍ ചിലര്‍ നിയമക്കുരുക്കിലേക്ക് പോയി. പിസി ജോര്‍ജും, സ്വപ്‌നയും സരിത്തും ക്രൈം നന്ദകുമാറും അടക്കമുളളവരാണ് എറണാകുളത്ത് വെച്ച് ഗൂഢാലോചന നടത്തിയത്.

ഈ വിഷയങ്ങളെല്ലാം കോടതിയുടെ മുന്നില്‍ ഒരിക്കല്‍ കൂടി കൊണ്ടുവരിക എന്നതാണ് ഉദ്ദേശം. ആദ്യ കാലത്ത് കൊണ്ടുവന്നതൊന്നും ക്ലിയര്‍ ആകാത്തത് കൊണ്ടാണ് രണ്ടാമതും. വേണ്ട നിയമസഹായം പിസി ജോര്‍ജ് കൊടുക്കുമെന്ന് പറഞ്ഞിരുന്നു. ഈ സംഭവം വീണ്ടും ആളിക്കത്തിച്ച് കൊണ്ട് വന്നത് ഒരു ഗൂഢാലോചന തന്നെയാണ്. സ്വപ്‌നയുമായി ഒരുമിച്ചുളള മീറ്റിംഗ് ആണ് എന്നാണ് ആദ്യം പിസി ജോര്‍ജ് പറഞ്ഞത്. പിന്നീടത് മാറ്റി.

സ്വപ്‌നയ്ക്ക് പിസി ജോര്‍ജിനെ അറിയില്ലെന്നാണ് പറഞ്ഞത്. കത്ത് ഉണ്ടെങ്കില്‍ പുറത്ത് വിടാന്‍ വെല്ലുവിളിച്ചു. ഗൂഢാലോചന എന്താണെന്ന് പോലീസ് കണ്ടുപിടിക്കുമെന്ന് വിശ്വസിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും കൊണ്ട് വന്ന ഒന്നിനെ എതിര്‍ക്കുകയോ എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയോ അല്ല. താന്‍ ഇത്രയും കാലം പൊരുതിയത് ആരുടേയും പിന്തുണ ഇല്ലാതെയാണ്.

തന്റെ പേര് പറഞ്ഞപ്പോള്‍ തനിക്കാ പേര് ഇഷ്ടമല്ല എന്ന് സ്വപ്‌ന പറഞ്ഞതായി അറിഞ്ഞു. അവരുടെ പ്ലാന്‍ താന്‍ തകര്‍ത്തു എന്ന് കരുതിയാണോ എന്ന് അറിയില്ല. സ്വപ്‌നയോട് തനിക്ക് വ്യക്തി വിരോധമില്ല. ഈ ഗൂഢാലോചന തിരഞ്ഞെടുപ്പിന് മുന്‍പേ പ്ലാന്‍ ചെയ്തത് ആയിരുന്നു. പക്ഷേ വരാന്‍ ഇത്തിരി വൈകിപ്പോയി. 164 കൊടുക്കുന്നതായി നേരത്തെ തന്നെ താന്‍ അറിഞ്ഞിരുന്നു.

വോയിസ് ക്ലിപ്പ് പുറത്ത് വന്നതോടെ തന്നെ പോലീസുമായി അന്വേഷണത്തോട് സഹകരിക്കും. സ്വപ്‌നയുടെ കത്ത് ഉണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു ഇല്ലെന്ന് സ്വപ്‌ന പറയുന്നു. രണ്ട് പേരും രണ്ട് തരത്തില്‍ പറയുന്നത് തന്നെ ഗൂഢാലോചനയുടെ തെളിവാണ്. പിസി ജോര്‍ജില്‍ നിന്ന് വേറെ ആളുകള്‍ ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട് എന്നാണ് തനിക്ക് കിട്ടിയ വിവരം. ബാക്കിയുളള ആളുകളുടെ വിവരങ്ങള്‍ പുറത്ത് വരും എന്നാണ് വിശ്വസിക്കുന്നത്.