മലയാള സിനിമയില്‍ ഒരു കാലത്ത് ഹീറോയിക് പരിവേഷമുള്ള നടനായിരുന്നു ബാബു ആന്റണി. ക്രൂരനായ വില്ലനില്‍ തുടങ്ങി നായകനായ സിനിമകള്‍ വരെ ബാബു ആന്റണിക്കുണ്ടായിരുന്നു. നിരവധി സിനിമകള്‍ തുടരെ വിജയിച്ച ബാബു ആന്റണി പെട്ടെന്നാണ് മലയാള സിനിമാ ലോകത്ത് അപ്രത്യക്ഷമായത്. പിന്നീട് വര്‍ഷങ്ങളെടുത്താണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവന്നത്.

അക്കാലത്ത് തനിക്കെതിരെ ബോധപൂര്‍വമായ ചില പ്രചാരണങ്ങള്‍ നടന്നുവെന്ന് ബാബു ആന്റണി വെളിപ്പെടുത്തുകയാണ്. പത്രങ്ങളുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. തന്നെ തകര്‍ക്കാനായിരുന്നു അക്കാലത്ത് ചിലര്‍ ശ്രമിച്ചിരുന്നതെന്നും ബാബു ആന്റണി പറയുന്നു.

അറേബ്യ എന്ന എന്റെ ചിത്രത്തെ കുറിച്ച് അക്കാലത്ത് വലിയ പ്രചാരണം നടന്നു. മോശമായിട്ടുള്ള പ്രചാരണമാണ് നടന്നത്. എന്റെ ആ ചിത്രം പൊളിഞ്ഞെന്ന് വരെ പ്രചാരണം നടത്തി. പക്ഷേ അറേബ്യ എന്ന ആ ചിത്രം ഒരിക്കലും പരാജയപ്പെട്ട ചിത്രമാണ്. ആ പടത്തിന്റെ ചെലവ് വെറും 30 ലക്ഷം രൂപയായിരുന്നു. ആ സിനിമ 80 ലക്ഷത്തില്‍ അധികം കളക്ട് ചെയ്തിരുന്നു. പക്ഷേ അവര്‍ക്കത് ഫ്‌ളോപ്പാണെന്ന് പ്രചരിപ്പിക്കണമായിരുന്നു. എന്നെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്, ആ സിനിമ തകര്‍ന്നു എന്ന പ്രചാരണം അഴിച്ചുവിട്ടത്. അറേബ്യ കഴിഞ്ഞാല്‍ ബാബു ആന്റണിയെ പിടിച്ചാല്‍ കിട്ടില്ല എന്ന് അക്കാലത്ത് നാനയില്‍ വരെ വന്നിരുന്നു.

അങ്ങനെ ഞാന്‍ നല്ല രീതിയില്‍ നില്‍ക്കുന്ന സമയത്താണ് എന്റെ കരിയറിന് മുകളില്‍ ഒരു ആക്രമണം നടക്കുന്നത്. അന്ന് പത്തോളം സിനിമകള്‍ ഹിറ്റായി സ്റ്റാര്‍ഡത്തിന്റെ മുകളിലായിരുന്നു ഞാന്‍. പക്ഷേ അവരെ എന്നെ മനപ്പൂര്‍വം തകര്‍ത്തതായിരുന്നു. വലിയ ആക്രമണം നടന്നതോടെ ഞാന്‍ തകര്‍ന്നുപോയി. ആരൊക്കെയാണ് അതിന് പിന്നില്‍ എന്ന് എനിക്ക് അറിയില്ല. പത്ത് ഇരുപത് സിനിമകള്‍ തന്നെ ക്യാന്‍സലായി പോയി. എന്ത് കാരണം കൊണ്ടാണെന്ന് അറിയില്ല. അങ്ങനെയാണ് ഞാന്‍ അമേരിക്കയില്‍ പോയത്. അവിടെ കല്യാണം കഴിച്ച് അവിടെ തന്നെ ജീവിതവും തുടങ്ങി. ഇടയ്ക്ക് വന്ന്് തമിഴ്-തെലുങ്ക് സിനിമകള്‍ ചെയ്യും.

ഇതിനിടെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഹീറോയി ആയി. മലയാളത്തിലെ കാര്യം കുറച്ച് ബുദ്ധിമുട്ടാണ്. ഇവിടെ കണ്ണടച്ചാല്‍ ശവമടക്ക് നടക്കുന്ന ആള്‍ക്കാരാണ്. ഗ്രാന്‍ഡ് മാസ്റ്ററിലെ സ്‌ക്രീസോഫ്രീനിക്കായ കഥാപാത്രം എന്നെ കൊണ്ട് ചെയ്യിക്കാമെന്ന് ബി ഉണ്ണികൃഷ്ണനാണ് പറഞ്ഞത്. മോഹന്‍ലാലിനും അത് സമ്മതമായിരുന്നു. എന്റെ ജീവിതത്തിലെ എല്ലാം പോസിറ്റീവായിട്ടാണ് ഞാന്‍ കാണുന്നത്. തുടര്‍ച്ചയായി കുറെ ആക്ഷന്‍ സിനിമകള്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ എനിക്ക് അപകടമൊക്കെ പറ്റി വല്ല വീല്‍ചെയറിലോ ഒരുപക്ഷേ നിങ്ങളോട് പോലും സംസാരിക്കാന്‍ ഇല്ലാത്ത അവസ്ഥ വന്നേനെ. എല്ലാം ദൈവത്തിന്റെ കളികളാണ്. റിസ്‌ക് എടുത്താണ് ഞാന്‍ ആക്ഷന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ പക്വത വന്നു. ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ബാബു ആന്റണി പറഞ്ഞു.

ഒരുപാട് സിനിമകള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. പക്ഷേ അത് പോസിറ്റീവായിട്ട് എടുക്കാനാണ് തോന്നുന്നത്. അത് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ നിന്ന് കൊണ്ടാണെന്ന് തോന്നുന്നുണ്ട്. അമേരിക്കന്‍ ജീവിതത്തെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണയുണ്ട്. ഇവിടെയുള്ളവരുടെ ധാരണ യുഎസ്സില്‍ ജീവിതമില്ല, ബന്ധങ്ങള്‍ ഇല്ല എന്നൊക്കെയാണ്. അവിടെ 90 ശതമാനം ആളുകളും കുടുംബത്തോടെ ജീവിക്കുന്നവരാണ്. കുട്ടികളെ സ്‌കൂളില്‍ വിട്ട് വളര്‍ത്തി വളരെ നന്നായിട്ട് ജീവിക്കുന്നവരാണ്. ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ശരീരത്തില്‍ എത്ര പീയെഴ്‌സിംഗും ടാറ്റൂവും ഉണ്ടെന്നാണ് ചോദിക്കുക. നല്ല ജോലിക്കൊന്നും ഇത് അക്‌സപ്റ്റബിള്‍ അല്ല.

യുഎസ്സില്‍ വംശീയവിദ്വേഷമുണ്ടോ എന്ന് ചോദിച്ചാല്‍, അങ്ങനെ ഉള്ളവരുണ്ട്. അങ്ങനെ അല്ലാത്ത ഒരുപാട് പേരുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ എന്നൊക്കെ പറഞ്ഞ് വംശീയ വിദ്വേഷം വളരെ കൂടുതലാണ്. ചില ഉള്‍നാടുകളില്‍ വംശീയതയുണ്ട്. ചില നാടുകളില്‍ വെള്ളക്കാര്‍ക്ക് പുറമേ മറ്റ് നിറമുള്ളവരെ പോലും അവര്‍ കണ്ടിട്ടുണ്ടാവില്ല. കള്‍ച്ചറല്‍ ഷോക്കൊന്നും ഉണ്ടായിട്ടില്ല. ലോകത്തുള്ള എല്ലാവരും ഒരുപോലെയാണ്. അപ്രോച്ചും സെന്റിമെന്റ്‌സും ഫീലിങ്‌സും ഒരുപോലെയാണ്. എന്റെ അമേരിക്കക്കാരിയായ ഭാര്യ പൊന്‍കുന്നത്ത് വന്ന് അമ്മയുടെ കൂടെ ഒന്‍പത് വര്‍ഷം ജീവിച്ചു. കള്‍ച്ചറിന്റെ പ്രശ്‌നം ഞങ്ങള്‍ തമ്മില്‍ വന്നിട്ടേയില്ല. കോണ്‍ഫ്‌ളിക്റ്റുകളും വന്നിട്ടില്ല.

ഭാര്യക്ക് വേണ്ട ആഹാരം അവര്‍ തന്നെ ഉണ്ടാക്കി കഴിക്കും. ചില പ്പോള്‍ ഇന്ത്യന്‍ ഫുഡ് കഴിക്കും. അത്തരത്തില്‍ ചില വ്യത്യസ്തതകള്‍ മാത്രമാണ് ഉള്ളത്. യുഎസ്സില്‍ ഉള്ളവര്‍ കുട്ടികളെ നോക്കുന്നത് കണ്ടാല്‍ നമുക്ക് തന്നെ നാണം വരും. ഞങ്ങള്‍ താമസിക്കുന്നത് സ്‌കൂളിന്റെ അടുത്താണ്. അവിടെ എല്ലാവര്‍ക്കും നാലും അഞ്ചും കുട്ടികളുണ്ട്. അവരെ മാനേഴ്‌സ് പഠിപ്പിക്കുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നതാണ്. അങ്ങനെ അല്ലെങ്കില്‍ കുട്ടികളെയും കൊണ്ട് അമേരിക്കിയില്‍ താമസിക്കില്ല. ഇവിടെ സംസ്‌കാരം മാറുകയാണ്. അമേരിക്കയില്‍ അരാജകത്വമാണെന്ന് കരുതി അതിനെ അനുകരിക്കുകയാണ് ഇവിടെയുള്ളവര്‍. അവിടെ മയക്കുമരുന്നൊക്കെ വലിയ പ്രശ്‌നമാണ്. ഒരു സ്‌കൂളും അംഗീകരിക്കില്ലെന്നും ബാബു ആന്റണി പറഞ്ഞു.