ജയ്പൂർ: അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ് രാജസ്ഥാനും ഛത്തീസ്ഗഢും. രാജ്യത്ത് പർട്ടിക്ക് അധികാരമുള്ള രണ്ടേ രണ്ട് സംസ്ഥാനങ്ങളാണ് ഇവ. തിരഞ്ഞെടുപ്പില്‍ രണ്ടിടത്തും അധികാരം നിലനിർത്തുക എന്നുള്ളതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളി. ഇതില്‍ തന്നെ രാജസ്ഥാനാണ് ഏറെ നിർണ്ണായകം.https://9c0d549394773a67656210f713c57a71.safeframe.googlesyndication.com/safeframe/1-0-38/html/container.html

സംസ്ഥാനത്ത് ഭരണം കൈവിട്ടാല്‍ വലിയ സംസ്ഥാനങ്ങളില്‍ ഒരിടത്തും അധികാരമില്ലാത്തെ കോണ്‍ഗ്രസ് ഒതുങ്ങും. അതുകൊണ്ട് തന്നെ ഭരണത്തുടർച്ചയ്ക്കായി വലിയ പരിശ്രമമാണ് പാർട്ടി രാജസ്ഥാനില്‍ നടത്തുന്നത്. എന്നാല്‍ അത് ഒട്ടും എളുപ്പമാവില്ലെന്നാണ് സമീപകാലത്തുണ്ടായ ചില രാഷ്ട്രീയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

2018 ല്‍ ഭരണം ലഭിച്ചത് മുതല്‍ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ശക്തമായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ അനുയായികളും ഒരുഘട്ടത്തില്‍ ബിജെപിയിലേക്ക് പോവും എന്ന സൂചനകള്‍ വരേയുണ്ടായി. എന്നാല്‍ അതിനെയെല്ലാം ഏറെ പണിപ്പെട്ടാണെങ്കിലും കോണ്‍ഗ്രസിന് അതിജീവിക്കാന്‍ സാധിച്ചു. എങ്കിലും വിള്ളലുകള്‍ പൂർണ്ണമായി ഭേദമായിട്ടില്ല.

അടുത്ത ദിവസം നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് മുന്നില്‍ ഏറ്റവും അടുത്തുള്ള കടമ്പ. വോട്ടുകള്‍ ചോരാതിരിക്കാന്‍ എംഎല്‍എമാരെയെല്ലാം ഉദയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പാർട്ടി. ഏതെങ്കിലും സാഹചര്യത്തില്‍ വോട്ട് ചോർച്ചയുണ്ടായാല്‍ അത് പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറുകയും നിയമസഭ തിരഞ്ഞെടുപ്പിലെ സാധ്യതകളെ പോലും ബാധിക്കുകയും ചെയ്യും.

ഭരണ വിരുദ്ധ വികരാവും ഒരു വശത്ത് ശക്തമാണ്. ഇതിനിടയിലൂടേയാണ് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും അരവിന്റ് കെജ്രിവാളിന്റെ എഎപിയും രാജസ്ഥാന്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ ശക്തമായ വോട്ട് ബാങ്കായ മുസ്ലിം ന്യൂനപക്ഷങ്ങളെയാണ് എഎപി ലക്ഷ്യം വെക്കുന്നതെങ്കില്‍ ബിജെപി-കോണ്‍ഗ്രസ് വിരുദ്ധരെയാണ് എഎപി ലക്ഷ്യമിടുന്നത്.

ജയ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വിദഗ്ധൻ ജമീൽ ഖാന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിനായി ആറംഗ കോർ കമ്മിറ്റി രൂപീകരിക്കുമെന്ന് എഐഎംഐഎം പ്രസിഡന്റും എംപിയുമായ അസദുദ്ദീൻ ഒവൈസി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം നടക്കുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാണ് ഒവൈസിയുടെ പാർട്ടിയുടെ ലക്ഷ്യം. കോൺഗ്രസും ബി ജെ പിയും തമ്മിലുള്ള ദ്വിധ്രുവ മത്സരമാണ് രാജസ്ഥാൻ ഇതുവരെ കണ്ടതെങ്കില്‍ അതിലേക്ക് പുതിയ ഇടം കണ്ടെത്താനും എഐഎംഐഎംമ്മും എഎപിയും ലക്ഷ്യമിടുന്നത്.

എഐഎംഐഎം സംസ്ഥാനത്തെ മുസ്ലീം വോട്ട് ബാങ്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. രാജസ്ഥാനിലെ ജനസംഖ്യയുടെ ഏകദേശം 9.07 ശതമാനം വരുന്ന മുസ്ലീം ജനവിഭാഗത്തിന് 35-40 സീറ്റുകളിൽ സ്വാധീനമുണ്ട്. ഒവൈസിയുടെ പാർട്ടി അഞ്ച് സീറ്റുകൾ നേടിയ ബീഹാറിന് പുറമെ, എഐഎംഐഎം ഉത്തരേന്ത്യയില്‍ ലക്ഷ്യം വെക്കാന്‍ ശ്രമിക്കുന്ന അടുത്ത ഇടമായിട്ടാണ് രാജസ്ഥാനെ വിലയിരുത്തുന്നത്.

അടുത്തിടെ രാജസ്ഥാനിൽ നിരവധി വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഈ വർഗീയ സംഘർഷങ്ങൾക്കെതിരെ ശക്തമായ സന്ദേശം നൽകുന്നതിൽ രാജസ്ഥാൻ സർക്കാരും കോൺഗ്രസും പരാജയപ്പെട്ടുവെന്ന് സംസ്ഥാനത്തെ പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ജോധ്പൂരിൽ വൻ വർഗീയ സംഘർഷമുണ്ടായപ്പോൾ അദ്ദേഹം ആ പ്രദേശം സന്ദർശിക്കുകപോലും ചെയ്‌തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഒവൈസിയുടെ പാർട്ടിക്ക് മുസ്ലീം ജനപിന്തുണ നേടാനായാൽ ഈ രാഷ്ട്രീയ പോരാട്ടത്തിന്റെ പ്രധാന ഇര കോൺഗ്രസായിരിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍

അരവിന്ദ് കെജ്‌രിവാളിന്റെ കീഴിൽ ആം ആദ്മി പാർട്ടി രൂപീകൃതമായതിന് ശേഷം ലക്ഷ്യം വെച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു രാജസ്ഥാൻ. എന്നിരുന്നാലും, സംസ്ഥാനത്ത് കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ പാർട്ടിക്ക് സാധിച്ചില്ല. എന്നാല്‍ ദില്ലിക്ക് പുറമെ പഞ്ചാബും കീഴടക്കിയ എഎപി സംസ്ഥാനം പിടിച്ചെടുക്കാന്‍ തന്നെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങാളാണ് നടത്തി വരുന്നത്. അടുത്തിടെ എഎപി തങ്ങളുടെ ഡൽഹിയിലെ ദ്വാരക എംഎൽഎ വിനയ് മിശ്രയെ രാജസ്ഥാന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.


രാജസ്ഥാനിൽ, പാർട്ടിയുടെ പ്രവർത്തനത്തിൽ നിരാശരായ കോൺഗ്രസിന്റെ വോട്ടർമാരായിരിക്കും എഎപിയുടെ ശ്രദ്ധ. അങ്ങനെയെങ്കില്‍ എഐഎംഐഎമ്മിനെപ്പോലെ ബി ജെ പിയേക്കാള്‍ കോൺഗ്രസിനാവും ആം ആദ്മി പാർട്ടി ദോഷം ചെയ്യുക.