ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ജുലൈ 18ന് നടക്കും. 776 എംപിമാരും 4033 എംഎല്‍എമാരുമാണ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യുക. ആവശ്യമായി വന്നാല്‍ വോട്ടെണ്ണല്‍ ജൂലൈ 21ന് നടത്തും. രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുക. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വിശദീകരിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 29 ആണ്. സൂക്ഷ്മ പരിശോധന ജൂണ്‍ 30ന് നടക്കും. പത്രിക പിന്‍വലിക്കണമെങ്കില്‍ ജൂലൈ 2 വരെ സമയമുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2017ലാണ് ചുമതലയേറ്റത്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ദളിത് നേതാവാണ് ഇദ്ദേഹം. പാര്‍ലമെന്റിലും നിയമസഭകളിലുമുള്ള സാമാജികരാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രല്‍ കോളജിലെ അംഗങ്ങള്‍. ഇവരാണ് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിന് വോട്ട് രേഖപ്പെടുത്തുക. ഓരോ സംസ്ഥാനങ്ങളിലും വോട്ട് മൂല്യം വ്യത്യസ്തമായിരിക്കും. ആ സംസ്ഥാനങ്ങളിലെ ജനസംഖ്യ, ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം എന്നിവയെല്ലാം ആശ്രയിച്ചാകും മൂല്യം കണക്കാക്കുക. നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വോട്ടുണ്ടാകില്ല. 2017ല്‍ ജൂലൈ 17നാണ് വോട്ടെടുപ്പ് നടന്നത്. ജൂലൈ 20ന് വോട്ടെണ്ണുകയും ചെയ്തു.