കോട്ടയം: ഒരിടവേളയ്ക്ക് ശേഷം സ്വർണ്ണക്കടത്ത് കേസ് വീണ്ടും ചൂടുളള ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തേയുമാണ് സ്വപ്ന സുരേഷ് പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഭരണപക്ഷം ആരോപിക്കുന്നു.

അതിനിടെ പിസി ജോർജും സോളാർ കേസ് പ്രതി സരിത എസ് നായരും തമ്മിലുളള ഫോൺ സംഭാഷണം പുറത്ത് വന്നിരിക്കുകയാണ്. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടതാണ് സംസാരം. ന്യൂസ് 18 കേരളമാണ് ഫോൺ വിളി പുറത്ത് വിട്ടിരിക്കുന്നത്.

‘എന്തുണ്ട് ചക്കരപ്പെണ്ണേ’ എന്നാണ് പിസി ജോര്‍ജിന്റെ സംഭാഷണം ആരംഭിക്കുന്നത്. എവിടെ ആണെന്ന ചോദ്യത്തിന് തിരുവനന്തപുരം ഉണ്ടെന്നാണ് സരിതയുടെ മറുപടി. തിരുവനന്തപുരം വരുമ്പോള്‍ കാണാമെന്നും താന്‍ വരുമ്പോള്‍ വിളിക്കാമെന്നും പിസി ജോര്‍ജ് പറഞ്ഞു. താന്‍ ഒറ്റയ്ക്ക് വരാമെന്നും മറ്റുളളവരെ കൂട്ടി അവരെ അറിയിക്കേണ്ടതില്ലല്ലോ എന്നും സരിത പറയുന്നു.

അതിന് ശേഷമാണ് സ്വപ്‌ന സുരേഷിനെ അറിയാമോ എന്ന് പിസി ജോര്‍ജ് ചോദിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ അമ്മയെ അറിയാമെന്നും അവരുടെ വീട് തന്റെ അമ്മയുടെ വീടിന് അടുത്താണ്. സ്വപ്‌ന തന്റെ അടുത്ത് വന്നിരുന്നുവെന്നും സരിത്തും സ്വപ്‌നയും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുകയാണ് എന്നും പിസി ജോര്‍ജ് പറയുന്നു. ഇഡി അവരെ ഇന്നലെ വിളിച്ചിട്ടുണ്ടല്ലോ എന്ന് സരിത പറയുന്നു.

എന്‍ഐഎ പിണറായിയുടെ ടീം ആണ്. കേരളത്തില്‍ നിന്നുളള ഉദ്യോഗസ്ഥരാണ്. അവരെല്ലാം പിണറായി പറയുന്നത് കേട്ട് നടക്കുകയാണ് എന്ന് പിസി ജോര്‍ജ് പറയുന്നു. ബാക്കി നേരിട്ട് കാണുമ്പോള്‍ പറയാമെന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്. സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പിസി ജോര്‍ജ് രംഗത്ത് വന്നു.

സ്വപ്‌ന സുരേഷ് പറയാനുളള കാര്യങ്ങള്‍ തനിക്ക് കടലാസില്‍ എഴുതി തന്നിട്ടുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. സ്വപ്‌ന സുരേഷ് തന്നെ കണ്ടത് ഏപ്രില്‍ മാസമാണ്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് എഴുതിത്തന്നത്. സരിത ഇങ്ങോട്ട് ആണ് വിളിച്ചത്. സാറിനോട് കാണിച്ചതിനുളള ദൈവത്തിനുളള ശിക്ഷ ആണെന്ന് പറഞ്ഞു. നിരപരാധിയായ തന്നെ പിണറായി ജയിലാക്കി. കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് താന്‍ അന്ന് പറഞ്ഞതാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

പിണറായി അയാള്‍ക്ക് സൗകര്യമുളളത് ചെയ്യുന്നു. ദൈവം അയാള്‍ക്ക് കൊടുക്കാനുളളത് കൊടുക്കുന്നു. അയാള്‍ വാങ്ങിക്കൊളളട്ടെ. സ്വര്‍ണ്ണക്കടത്തിലെ പിണറായിയുടെ പങ്ക് തനിക്ക് അറിയാമെന്ന് അയാള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ നാറ്റിക്കാന്‍ വേണ്ടി ആയിരുന്നു അറസ്റ്റ്. 7 പ്രാവശ്യം എംഎല്‍എ ആയ തന്നെ ഫോണില്‍ വിളിച്ചാല്‍ ചെല്ലുമായിരുന്നു. പത്ത് വണ്ടി പോലീസുമായി വന്ന് തന്നെ കൊണ്ട് പോകേണ്ട ആവശ്യം എന്തായിരുന്നുവെന്ന് പിസി ജോര്‍ജ് ചോദിച്ചു.

ഒരു മനുഷ്യ സ്ത്രീയേയും ഇത്ര ഭീകരമായി ആക്രമിക്കരുത്. അവര്‍ ചെയ്തത് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞത് അനുസരിച്ച് പിണറായിക്കുളള കാശ് എത്തിച്ച് കൊടുത്തു. ബാഗില്‍ എന്താണെന്ന് സ്വപ്‌നയ്ക്ക് അറിയില്ല. അറിയുമെന്ന് കരുതി ഉപദ്രവിച്ചു. 16 മാസം ജയിലില്‍ പിടിച്ചിട്ടു. കേസ് എന്‍ഐഎക്ക് കൊടുക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. പിണറായിക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണ്. എന്‍ഐഎക്ക് സ്വര്‍ണ്ണക്കടത്തുമായി എന്താണ് ബന്ധമെന്നും പിസി ജോര്‍ജ് ചോദിച്ചു.