കൊച്ചി; സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകി പ്രതി സ്വപ്ന സുരേഷ്. കൊച്ചിയിലെ കോടതിയിലെത്തിയാണ് സ്വപ്ന മൊഴി നൽകിയത്. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും കേസുമായി ബന്ധമുള്ളവരില്‍നിന്നാണ് ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണവും സ്വപ്ന ഉന്നയിച്ചു.

ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, മുൻ മന്ത്രി കെ ടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നാണ് മാധ്യമങ്ങളോട് സ്വപ്ന സുരേഷ് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഇപ്പോൾ സാധിക്കില്ല. 2016 ൽ മുഖ്യമന്ത്രി ദുബായിൽ പോയ സമയത്താണ് ആദ്യമായി ശിവശങ്കർ എന്നെ ബന്ധപ്പെടുന്നത്. യു എ ഇ പ്രോട്ടോക്കോൾ എയർപോർട്ടിലെ മറ്റ് നടപടി ക്രമങ്ങൾ എന്നിവ നടത്താനായിരുന്നു തന്നെ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിക്കണം എന്ന് പറഞ്ഞു.

അങ്ങനെ കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിൽ ബാഗ് കൊടുത്തുവിട്ടു. ബാഗ് കൊണ്ടു വന്നപ്പോൾ ഞങ്ങൾ മനസിലാക്കിയത് അതിനകത്ത് കറൻസിയായിരുന്നു. ഓഫീസിൽ സ്കാനിംഗ് മെഷീൻ ഉണ്ട്. പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധിക്കണം. അപ്പോഴാണ് പണമാണെന്ന് മനസിലായത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങിയത്. മറ്റ് കാര്യങ്ങളൊന്നും ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല.

ബിരിയാണിച്ചെമ്പിൽ മറ്റെന്തൊക്കെയോ വച്ച് ഒരുപാട് തവണ കോൺസുലേറ്റ് ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണിത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജന്‍ഡയില്ല. അന്വേഷണം കാര്യക്ഷമമാകണം. എല്ലാം രഹസ്യമൊഴിയായി നൽകിയിട്ടുണ്ട്. മറ്റ് കാര്യങ്ങൾ വൈകാതെ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തും.

സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടുണ്ട്. പല കാര്യങ്ങളും വേണ്ട വിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന ആരോപിച്ചു.