തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല രംഗത്ത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ച ഓരോ കാര്യവും സത്യമെന്ന് തെളിയുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിരിയാണി പാത്രം കൊണ്ടു മറച്ചാലും സത്യം പുറത്തുവരും. ഒരോ വസ്തുതകളും പുറത്തുവരികയാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.

പഴയ കേസാണിതെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഓരോ ദിവസവും കഴിയും തോറും വസ്തുതകള്‍ കൂടുതല്‍ കൂടുതല്‍ പുറത്തുവരികയാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ല. സ്വര്‍ണക്കടത്ത് ജനങ്ങള്‍ വിശ്വസിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഒരു തിരഞ്ഞെടുപ്പ് വിജയിച്ചതിന്റെ പേരില്‍ കയ്യിലെ എല്ലാ അഴിമതിക്കറയും കഴുകിക്കളയാല്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

ഞാന്‍ വസ്തുതയല്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ തിരുത്തിപ്പറഞ്ഞിട്ടില്ല. പലരുടെയും മുഖം ഇനിയും പുറത്തുവരും. ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ അതീവ ഗുരുതരമാണ്. അന്വേഷണ ഏജന്‍സികള്‍ അത് ഗൗരവത്തില്‍ എടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. കൊച്ചിയിലെ കോടതിയില്‍ എത്തി രഹസ്യ മൊഴി നല്‍കിയതിന് ശേഷമാണ് സ്വപ്‌ന മാധ്യമങ്ങളോട് സംസാരിച്ചത്. തനിക്കെതിരെയുള്ള കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, സി എം.രവീന്ദ്രന്‍, കെ ടി.ജലീല്‍, നളിനി നെറ്റോ എന്നിവരുടെ കേസിലെ പങ്കാളിത്തം എന്താണെന്ന് മൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി ഗള്‍ഫില്‍ പോയപ്പോഴാണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ പരിശോധിക്കുന്നതിനും വിമാനത്താവളത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയുമാണ് വിളിച്ചത്. പിന്നീട് മുഖ്യമന്ത്രി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ആ ബാഗ് കോണ്‍സുലേറ്റിന്റെ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നപ്പോള്‍ അതില്‍ കറന്‍സിയാണെന്ന് വ്യക്തമായി. അങ്ങനെയാണ് ഇതെല്ലാം ആരംഭിക്കുന്നതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.