തിരുവനന്തപുരം; തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ‘ലീഡർ’, ‘ക്യാപ്റ്റൻ’ എന്ന പേരുകളിൽ ആഘോഷിക്കുന്നതിലും സതീശന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ ഉയരുന്നതിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നു. കഴിഞ്ഞ ദിവസമായിരുന്നു എം എൽ എ ഹോസ്റ്റലിന് മുന്നിലും ബൈപ്പാസിലുമടക്കം വി ഡി സതീശനെ ‘ലീഡർ’ എന്ന് വിശേഷിപ്പിച്ചുള്ള ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. ഇതാണ് നേതാക്കളെ ചൊടിപ്പിച്ചത്.

ഉപതിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് പിന്നാലെ യുവ നേതാക്കളായ ഹൈബി ഈഡനും അനിൽ അക്കരെയുമായിരുന്നു വി ഡി സതീശനെ ‘ക്യാപ്റ്റൻ’ എന്ന് അഭിസംബോധന ചെയ്ത് രംഗത്തെത്തിയത്. തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ പ്രവർത്തകർ ആഘോഷമാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ സതീശന്റെ പേരിൽ ഫ്ലക്സ് ബോർഡുകളും ഉയർന്നത്.

തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് വി ഡി സതീശനായിരുന്നു. ചിട്ടയായ പ്രവർത്തനമായിരുന്നു സതീശന് കീഴിൽ കോൺഗ്രസ് കാഴ്ച വെച്ചത്. പതിവുകൾ പൊളിച്ച് ഒറ്റക്കെട്ടായി തന്നെ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടു. ഗ്രൂപ്പ് വ്യത്യാസങ്ങളില്ലാതെ മുതിർന്ന നേതാക്കളും യുവ നേതാക്കളും ഒരു പോലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി. യു ഡി എഫ് ഘടകക്ഷ കക്ഷി നേതാക്കളും ഉമ തോമസിന്റെ പ്രചരണത്തിനായി രംഗത്തെത്തി. ഫലം വന്നോപ്പോഴോ കോൺഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിച്ച് കൊണ്ടുള്ള അപ്രതീക്ഷിത വിജയവും കോൺഗ്രസ് നേടി.

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി എൽ ഡി എഫിനായി നടത്തിയ കാടടച്ചുള്ള പ്രചരണത്തെ പാടെ തള്ളി മുന്നണിയെ നിലംപരിശാക്കി കൊണ്ട് യു ഡി എഫ് നേടിയ വിജയം അതുകൊണ്ട് തന്നെ വി ഡി സതീശന് ആത്മവിശ്വാസം നൽകുന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഈ വിജയം വി ഡി സതീശനിലേക്ക് മാത്രം ഒതുക്കുന്നതാണ് നേതാക്കളെ ചൊടിപ്പിക്കുന്നത്. ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെയാണ് പാർട്ടി വിജയം സ്വന്തമാക്കിയതാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോഴിതാ വിഷയത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ഒരു കവിത ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് സതീശനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു. കോൺ​ഗ്രസിന്റെ ഉരുക്കുകോട്ടയായ തൃക്കാക്കരയിലെ വിജയത്തിന് എന്തിനാണ് അപര പിതൃത്വം ഏറ്റെടുക്കുന്നത് എന്നുള്ള വിമർശനമാണ് അദ്ദേഹം ഉയർത്തുന്നത്. നുസൂർ പങ്കിട്ട കവിത വായിക്കാം


കവിത : “പഠിക്കാനുണ്ടേറെ..”
പഠിക്കാനുണ്ടേറെ….
ഇനിയും പഠിക്കാനുണ്ടേറെ…
പ്രഭാത സവാരിക്കിറങ്ങിയവർ,
കണ്ടുഞെട്ടി സുന്ദരമുഖങ്ങൾ- പടങ്ങളിൽ…
മാധ്യമങ്ങളിൽ
കണ്ടമുഖമല്ലിതെന്നുറപ്പ്..
അതൊരു നാരീ മുഖമാണെന്നുറപ്പല്ലോ. .
എന്നാലിതെന്തത്ഭുതം…
സൂക്ഷിച്ചുനോക്കുമ്പോളല്ലോ അതിൻരസം..
ചരടുവലിക്കുന്നവർ ബഹുമാന്യർ….
വന്ദിക്കുന്നതല്ലൊ മാലോകരവരെ..

പഠിക്കാനുണ്ടിനിയുമേറെ …
കോട്ടയെന്നാലത്‌ ഉരുക്കുകോട്ട..
ആര് തകർത്താലും തകരാത്തൊരുരുക്കുകോട്ട…
തകർക്കാൻ നോക്കിയോർ സ്വയം തകർന്നോരുരുക്കുകോട്ട..
പിന്നെന്തിനതിനൊരു – അപരപിതൃത്വമെന്നതത്ഭുതം..

പഠിക്കാനുണ്ടേറെ….
ഞാനെന്നെ- നേതാവെന്നുവിളിച്ചാലാവുമോ ഞാനൊരു നേതാവെന്നോർക്കണം..
ആയിരംപേരൊന്നിച്ചുവിളിച്ചാലാവണം ഞാനൊരുനേതാവെന്നതുംചരിത്രം..
അങ്ങനൊരുനേതാവുണ്ടതിൻ-
ഫലമാണിങ്ങാനൊരു വിജയമെന്നോർക്കണം നമ്മൾ.

പഠിക്കാനുണ്ടിനിയുമേറെ..
പച്ചപ്പിനെ സ്നേഹിച്ചോൻ…
വ്യവസ്ഥിതിയെ പഠിപ്പിച്ചോൻ..
സ്ത്രീസുരക്ഷയ്ക്കായ് വാദിച്ചോൻ..
കുടുംബവാഴ്ചയെ പുച്ഛിച്ചോൻ…
തെറ്റിനെതിരെ വിരൽചൂണ്ടിയോൻ..
ഒറ്റപ്പെടുത്തിയവർക്കൊരു മറുപടി
മൃത്യുവിൽ നല്കിയോൻ…

ഇനിയും പഠിക്കാനുണ്ടേറെ..
മാലോകർ പഠിച്ചത് പഠിക്കാത്തതൊരാൾ മാത്രം…
അവരോടൊന്നും പറയേണ്ടതില്ലീ കാലത്തിൽ..
കലികാലമെന്നതോർക്കണം നമ്മളെങ്കിലും..
പഠിക്കാനുണ്ടേറെ..
ഇനിയും പഠിക്കാനുണ്ടേറെ..