തിരുവനന്തപുരം: നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരികേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ പോലീസ് ബലം പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥയായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിരിഞ്ഞുപോകാതെ പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിയില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യം വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജില്ലാ നേതാക്കളെയും സംസ്ഥാന ട്രഷറര്‍ കെഎച്ച് നാസര്‍, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ ജയിലിലാണ്. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീറിന്റെ മലപ്പുറത്തെ വീട്ടിലും ആലപ്പുഴ പോലീസ് എത്തി. ഇതോടെയാണ് പ്രതിഷേധം ശക്തിപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് തീരുമാനിച്ചത്.

ഇടതുപക്ഷ സര്‍ക്കാര്‍ ആര്‍എസ്എസിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നു. വര്‍ഗീയ പ്രസംഗം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ല. കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ സംഘടനയുടെ സംസ്ഥാന നേതാക്കളെ വരെ അറസ്റ്റ് ചെയ്യുകയാണ്. പിസി ജോര്‍ജും പാലാ ബിഷപ്പും കെപി ശശികലയുമെല്ലാം ഇന്ന് എവിടെയാണ്. ഒരു നിയമം നടപ്പാക്കുമ്പോള്‍ രണ്ടു നീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്… തുടങ്ങിയ കാര്യങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ക്ലിഫ് ഹൗസിലേക്ക് നടന്ന റാലിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ന് രാവിലെ 11ന് കിഴക്കേകോട്ടയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തുവെന്നാണ് കരുതുന്നത്. ദേവസ്വം ബോര്‍ഡ് ജങ്ഷന് മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല. ഇതോടെ ഗ്രനേഡ് പ്രയോഗമുണ്ടായി. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പിരിഞ്ഞുപോകാത്ത പ്രവര്‍ത്തകര്‍ ജങ്ഷനില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സംഘര്‍ഷാവസ്ഥയ്ക്ക് ഇടയിലും സംസ്ഥാന നേതാക്കള്‍ പ്രസംഗിച്ചു. സംഭവത്തില്‍ കേസെടുക്കുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് ഓഫീസര്‍മാര്‍ സൂചിപ്പിച്ചു.