ഹ്യൂസ്റ്റണ്‍ : അത്ഭുത പ്രവര്‍ത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യവാളൻറ്റെ  ഇരുപത്തി ആറാമത്  വാര്‍ഷിക തിരുനാള്‍ 2022  ജൂണ്‍ 11  ശനിയാഴ്ച വൈകുന്നേരം 7 മണിയ്ക്ക് ഹ്യൂസ്റ്റണിലെ ഷുഗര്‍ ലാന്‍ഡിലുള്ള  സെയിൻറ്റ്   ലോറന്‍സ് കത്തോലിക്കാ പള്ളിയില്‍ വച്ചു ബഹു. സാൻറ്റി  കുര്യന്‍ അച്ചൻറ്റെ   മുഖ്യ കാര്‍മ്മികത്വത്തിലും, വിവിധ വൈദികരുടെ സഹകാര്‍മ്മികത്വത്തിലും ഭക്ത്യാതരപൂര്‍വ്വം കൊണ്ടാടുന്നതാണ്. പ്രാര്‍ത്ഥന, കൊന്ത, ആഘോഷമായ പാട്ടുകുര്‍ബ്ബാന, നൊവേന, തിരുസ്വരൂപങ്ങളും പുണ്യവാളൻറ്റെ  തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ മെഴുകിതിരി പ്രദക്ഷിണം, സ്‌നേഹവിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

1997 ഏപ്രില്‍ എട്ടാം തിയതി മുതല്‍ എല്ലാ ചൊവ്വാഴ്ച വൈകുന്നേരം ക്രമമായി സെയിൻറ്റ്   ലോറന്‍സ് പള്ളിയില്‍ നടത്തി വരുന്ന അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിൻറ്റെ  നോവേനയിലും വിശുദ്ധ കുര്‍ബ്ബാനയിലും പ്രാര്‍ത്ഥനകളിലും വിവിധ റീത്തുകളിലും വിശ്വാസത്തിലും പെട്ട വളരെയധികം വിശ്വാസികള്‍, പ്രത്യേകിച്ചും കേരളത്തിനു വെളിയില്‍ ജനിച്ചു വളര്‍ന്ന ധാരാളം കുട്ടികളും ചെറുപ്പക്കാരും മറ്റു തദ്ദേശവാസികളും സംബന്ധിച്ചു വരുന്നു. ഈ കാലയളവില്‍, അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധന്‍റ്റെ മാദ്ധ്യസ്ഥം വഴിയായി ലഭിച്ച നിരവധിയായ അനുഗ്രഹങ്ങളും അത്ഭുതങ്ങളും സാക്ഷ്യപ്പെടുത്തുക ഉണ്ടായിട്ടുണ്ട്. ഈ വിശ്വാസകൂട്ടായ്മയില്‍ എന്നും വിശുദ്ധ കുര്‍ബ്ബാനയുടെ മഹത്വവും വിശുദ്ധൻറ്റെ  മാദ്ധ്യസ്ഥം വഴിയായി ഈശോമിശിഹായോടുള്ള ആരാധനയും അര്‍പ്പണവും വിശ്വാസവും പഠിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തു വരുന്നു.

തിരുന്നാള്‍ കര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സംബന്ധിക്കുവാനും വിശുദ്ധ അന്തോണീസിൻറ്റെ  മധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും ഫാ. ജെയ്സണ്‍ തോമസും, തിരുന്നാള്‍ പ്രസുദേന്തിമാരും, നൊവേന കുടുംബാംഗങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സെനിത്ത് ലൂക്കോസ് എള്ളങ്കില്‍ (832-282-3032) / സണ്ണി റ്റോം (832-620-7417) / sanovena.org