ദില്ലി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം വിവാദമായിതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ബി ജെ പി വക്താവ് നുപൂര്‍ ശര്‍മ്മ രംഗത്തെത്തി. താന്‍ നടത്തിയ പരാമര്‍ശം ആരെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാമെന്നും നുപൂര്‍ ട്വിറ്ററിലൂടെ പറഞ്ഞു. പ്രസ്താവന വിവാദമായതിന് പിന്നാലെ നുപൂറിനെ ബി ജെ പിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്.

‘എന്റെ വാക്കുകള്‍ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുകയോ അസ്വാസ്ഥ്യമുണ്ടാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ എന്റെ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. നമ്മുടെ മഹാദേവനെ തുടര്‍ച്ചയായി അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന ടിവി ചര്‍ച്ചകളില്‍ ഞാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പങ്കെടുക്കുന്നു.

ഗ്യാന്‍വ്യാപിയിലേത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണെന്നായിരുന്നു പരിഹാസം. ഡല്‍ഹിയിലെ റോഡരികിലെ ബോര്‍ഡുകളുമായും തൂണുകളുമായും ശിവലിംഗത്തെ താരതമ്യപ്പെടുത്തി പരിഹസിച്ചു. നമ്മുടെ മഹാദേവനോടുള്ള ഈ തുടര്‍ച്ചയായ അധിക്ഷേപവും അനാദരവും എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, അതിനുള്ള മറുപടിയായി ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു’- നുപൂര്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, സംഭവം വിവാദമായതോടെ ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയെ ബിജെപി ഹൈക്കമാന്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹി ബിജെപിയുടെ മീഡിയ ഇന്‍ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. വിവിധ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങളാണ് നിങ്ങള്‍ പ്രകടിപ്പിച്ചത്… കൂടുതല്‍ അന്വേഷണത്തിനായി നിങ്ങളെ പാര്‍ട്ടിയില്‍ നിന്നും ചുമതലകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നു- ബി ജെ പി നേതൃത്വം സസ്‌പെന്‍ഷന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.

ഗ്യാന്‍വാപി തര്‍ക്കത്തെക്കുറിച്ചുള്ള സമീപകാല ടി വി ചര്‍ച്ചയില്‍, ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ പരിഹസിക്കാന്‍ സാധ്യതയുണ്ടെന്ന് നൂപൂര്‍ ശര്‍മ്മ പറഞ്ഞു. മുസ്ലീങ്ങള്‍ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുള്ള സ്തൂപമാണെന്നാണ് വിളിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തിയതിന് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ഹൈദരാബാദ്, പൂനെ, മുംബൈ എന്നിവിടങ്ങളില്‍ കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ പരേഡ് മാര്‍ക്കറ്റിലെ കടകള്‍ അടച്ചിടാന്‍ ഒരു മുസ്ലീം സംഘടന ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ 20 പോലീസുകാര്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റു.